News

പോളണ്ടിനെ മാതാവിന്റെ വിമലഹൃദയത്തിനു സമര്‍പ്പിച്ചു: ചടങ്ങുകള്‍ നടന്നത്‌ പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍

സ്വന്തം ലേഖകന്‍ 09-06-2017 - Friday

വാര്‍സോ: പോളണ്ട് പ്രസിഡന്റ് ആന്‍ഡ്രസേജ് ഡൂഡാ, പ്രധാനമന്ത്രി ബിയാറ്റാ സിഡ്ലോ, ഗവണ്‍മെന്റ് പ്രതിനിധികള്‍, പാര്‍ലമെന്റംഗങ്ങള്‍, പ്രാദേശിക ഭരണസഭാ പ്രതിനിധികള്‍ തുടങ്ങിയവരുടെ സാന്നിത്യത്തില്‍ രാജ്യത്തെ മാതാവിന്റെ വിമല ഹൃദയത്തിനു സമര്‍പ്പിച്ചു. ജൂണ്‍ 6നു 'സാക്കോപ്പേനിലെ ഔര്‍ ലേഡി ഓഫ് ഫാത്തിമാ' ദേവാലയത്തില്‍ വെച്ചായിരുന്നു സമര്‍പ്പണ ചടങ്ങുകള്‍ നടത്തിയത്.

പോളണ്ടിലെ ബിഷപ്സ് കോണ്‍ഫ്രന്‍സിന്റെ പ്രസിഡന്റായ സ്റ്റാനിസ്ലോ ഗാഡെക്കി മെത്രാപ്പോലീത്തായുടെ നേതൃത്വത്തില്‍ പ്രത്യേക വിശുദ്ധ കുര്‍ബ്ബാന അര്‍പ്പണം നടന്നു. വിശുദ്ധ കുര്‍ബ്ബാനക്ക് ശേഷം വിവാഹ ബന്ധത്തിന്റെ വിശുദ്ധി കാത്ത് സൂക്ഷിക്കുമെന്നും, ഗര്‍ഭാവസ്ഥയിലുള്ള ശിശുക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും, സദാചാരപരമായ അധപതനത്തെ തടയുമെന്നും പുരോഹിതരും, വിശ്വാസികളും ഒരുമിച്ച് പ്രതിജ്ഞ ചെയ്തു.

വിവാഹത്തിന്റെ പവിത്രത, കുടുംബം, എല്ലാവര്‍ക്കും ജീവിക്കുവാനുള്ള അവകാശം, സ്ത്രീകളുടെ അന്തസ്സ് എന്നിവയെ കേന്ദ്രീകരിച്ചാണ് രാജ്യത്തെ മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിച്ചത്.സെപ്റ്റംബര്‍ 8-ന് രൂപതാ തലത്തിലും, ഇടവകാ തലത്തിലും പ്രത്യേകമായി സഭയെ മാതാവിന് സമര്‍പ്പിക്കുവാന്‍ പോളണ്ടിലെ സഭ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നവംബറില്‍ യേശുവിനെ പോളണ്ടിന്റെ രാജാവായി പ്രഖ്യാപിച്ചിരിന്നു. ഈ ചടങ്ങിലും പോളണ്ട് പ്രസിഡന്റ് സന്നിഹിതനായിരുന്നു.


Related Articles »