News - 2025
മുന്‍ ബോംബെ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ഇവാന് ഡയസ് ദിവംഗതനായി
സ്വന്തം ലേഖകന്‍ 20-06-2017 - Tuesday
മുംബൈ: മുൻ ബോംബെ ആർച്ച് ബിഷപ്പും സുവിശേഷവൽക്കരണത്തിനു വേണ്ടിയുളള വത്തിക്കാൻ തിരുസംഘത്തിന്റെ മുൻ പ്രീഫെക്ടുമായിരിന്ന കർദിനാൾ ഇവാൻ ഡയസ് ദിവംഗതനായി. 81 വയസ്സായിരിന്നു. തിങ്കളാഴ്ച രാത്രി എട്ടിന് റോമിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഇക്കാര്യം ബോംബെ അതിരൂപത പ്രസ്താവനയിലൂടെയാണ് അറിയിച്ചത്.
1936 ഏപ്രിൽ 14ന് മുംബൈയിൽ ജനിച്ച ഇവാൻ ഡയസ്1958 ഡിസംബർ എട്ടിനാണ് വൈദികനായി അഭിഷിക്തനായത്. 1982ന് ഘാനയിലെ അപ്പസ്തോലിക് പ്രോ നുണ്‍ഷ്യോയും റൂസിബിഡിറിലെ സ്ഥാനിക ആർച്ച് ബിഷപ്പുമായി അദ്ദേഹത്തെ മാർപാപ്പ നിയമിച്ചു. ഇതിനിടെ റോമിലെ പൊന്തിഫിക്കൽ ലാറ്റെറൻ യൂണിവേഴ്സിറ്റിയിൽനിന്ന് ഇവാൻ ഡയസ് കാനൻ ലോയിൽ ഡോക്ടറേറ്റ് നേടി.
1996 നവംബർ എട്ടിനാണ് ഇവാൻ ഡയസ് ബോംബെ ആർച്ച് ബിഷപ്പായി നിയമിതനായത്. 2001ൽ ജോണ്‍ പോള്‍ രണ്ടാമന് പാപ്പ അദ്ദേഹത്തെ കർദിനാളായി ഉയർത്തി. 2006-2011 കാലയളവിലാണ് അദ്ദേഹം സുവിശേഷവത്കരണത്തിനുള്ള വത്തിക്കാൻ തിരുസംഘത്തിന്റെ പ്രീഫെക്ടായി പ്രവര്‍ത്തിച്ചത്. 2013-ല്‍ ഫ്രാന്‍സിസ് പാപ്പയെ തിരഞ്ഞെടുത്ത കോണ്‍ക്ലേവില്‍ കർദിനാൾ ഇവാൻ ഡയസ് പങ്കെടുത്തിരിന്നു. കർദിനാളിന്റെ മൃതസംസ്കാരം പിന്നീട് നടക്കും.