News
ആര്‍ച്ച് ബിഷപ്പ് തിയോഫിലിയൂസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു
സ്വന്തം ലേഖകന്‍ 26-06-2017 - Monday
വത്തിക്കാന്‍ സിറ്റി: കമ്മ്യൂണിസ്റ്റ് ഭരണത്തിനെതിരെ ശബ്ദമുയര്‍ത്തി രക്തസാക്ഷിത്വം വരിച്ച ലിത്വാനിയയിലെ ആര്‍ച്ച് ബിഷപ്പ് തിയോഫിലിയൂസ് മാറ്റുലിയോണിസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ഇന്നലെ വില്‍നിയൂസിലെ സിറ്റി സെന്‍റര്‍ സ്വകയറില്‍ നടന്ന ചടങ്ങില്‍ മുപ്പത്തിനായിരത്തോളം വിശ്വാസികളാണ് പങ്കെടുത്തത്. നാമകരണ നടപടികള്‍ക്ക് വേണ്ടിയുള്ള വത്തിക്കാന്‍ തിരുസംഘ തലവന്‍ കര്‍ദിനാള്‍ ആഞ്ചലോ അമാട്ടോ തിരുകര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു.
ബിഷപ്പ് തിയോഫിലിയൂസ് വിശ്വാസത്തെപ്രതി ജീവന്‍ സമര്‍പ്പിച്ച മനുഷ്യസ്നേഹിയായിരുന്നുവെന്ന്‍ കര്‍ദിനാള്‍ ആഞ്ചലോ അമാട്ടോ തന്റെ സന്ദേശത്തില്‍ പറഞ്ഞു. ചടങ്ങില്‍ ലിത്വാനിയന്‍ പ്രസിഡന്‍റ് ഡാലിയ ഗ്രിബോസ്കൈറ്റ് സന്നിഹിതനായിരിന്നു. ഇന്നലെത്തെ ഞായറാഴ്ച ദിന സന്ദേശത്തില്‍ ഫ്രാന്‍സിസ് പാപ്പ തിയോഫിലിയൂസ് മാറ്റുലിയോണിസിനെ പ്രത്യേകം സ്മരിച്ചിരിന്നു.
ജീവിതത്തിന്റെ ഭൂരിഭാഗവും തടവറയില്‍ കഴിയേണ്ടി വന്ന മാറ്റുലിയോണിസ് മെത്രാപ്പോലീത്ത വിശ്വാസത്തിന് വേണ്ടി ശക്തമായ നിലകൊണ്ട പോരാളിയായിരിന്നു. 1962-ലാണ് അദ്ദേഹത്തെ ആര്‍ച്ച് ബിഷപ്പായി ഉയര്‍ത്തിയത്. ബോള്‍ഷേവിക് വിപ്ലവകാലത്ത് തിരുസഭ അടിച്ചമര്‍ത്തപ്പെടുന്നതിനു സാക്ഷ്യം വഹിച്ച ആളാണ് മാറ്റുലിയോണിസ് മെത്രാപ്പോലീത്ത. ഇതേ വര്‍ഷം ഭരണകൂടാനുകൂലികള്‍ നടത്തിയ ഒരു പരിശോധനക്കിടയില്‍ അദ്ദേഹത്തിനു മാരകമായ മരുന്ന്‍ കുത്തിവെച്ചതിനെ തുടര്‍ന്നു 1962 ഓഗസ്റ്റ് 20നു അദ്ദേഹം രക്തസാക്ഷിത്വം വരിക്കുകയായിരിന്നു.
‘തിയോഫിലിയൂസ് മാറ്റുലിയോണിസിനേപ്പോലെയുള്ള ഒരു ധീരനെ നമുക്ക് തന്ന ലിത്വാനിയക്ക് മഹത്വമുണ്ടാകട്ടെ’ എന്ന് തന്നെ സന്ദര്‍ശിച്ച ഒരു കൂട്ടം തീര്‍ത്ഥാടകരോട് പിയൂസ് പതിനൊന്നാമന്‍ പാപ്പാ പില്‍ക്കാലത്ത് പറഞ്ഞിരിന്നു. തന്റെ ധീരതയാലും, ഉറച്ചതീരുമാനങ്ങളാലും ശ്രദ്ധയാകര്‍ഷിച്ച മാറ്റുലിയോണിസിനെ 2016 ഡിസംബറിലാണ് ഫ്രാന്‍സിസ് പാപ്പാ രക്തസാക്ഷിയായി പ്രഖ്യാപിച്ചത്.