News - 2025
ജര്‍മ്മനിയില്‍ സ്വവര്‍ഗ്ഗ വിവാഹത്തിന് അനുമതി: ആശങ്ക പ്രകടിപ്പിച്ച് ദേശീയ മെത്രാന്‍ സമിതി
സ്വന്തം ലേഖകന്‍ 02-07-2017 - Sunday
ബെര്‍ലിന്‍: ജര്‍മ്മനിയില്‍ സ്വവര്‍ഗ്ഗവിവാഹം നിയമപരമാക്കിയ നടപടിയില്‍ രാജ്യത്തെ ദേശീയ മെത്രാന്‍ സമിതി ഖേദം പ്രകടിപ്പിച്ചു. വിവാഹ ബന്ധത്തിന്റെ പവിത്രതയെ മാനിക്കാത്ത നടപടിയില്‍ സമിതി തങ്ങളുടെ ആശങ്ക അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂണ്‍ 30-നു നടന്ന വോട്ടെടുപ്പില്‍ 226 നെതിരെ 393 വോട്ടുകള്‍ക്കാണ് ജര്‍മ്മന്‍ പാര്‍ലമെന്റ് സ്വവര്‍ഗ്ഗവിവാഹം നിയമപരമാക്കിയത്. അതേ സമയം വിവാഹത്തെപ്പറ്റിള്ള കത്തോലിക്കാ സഭയുടെ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിക്കുമെന്ന്‍ ജര്‍മ്മനിയിലെ മെത്രാന്‍ സമിതി പ്രഖ്യാപിച്ചു.
Must Read: സ്വവര്‍ഗ്ഗഭോഗത്തെക്കുറിച്ച് സഭ യഥാര്‍ത്ഥത്തില്‍ എന്താണ് പഠിപ്പിക്കുന്നത്?
ക്രിസ്ത്യന്‍ മൂല്യങ്ങള്‍ക്ക് എതിരാണെന്ന് പ്രഖ്യാപിച്ച് കൊണ്ട് പല പ്രമുഖ അംഗങ്ങളും ബില്ലിനെതിരായാണ് വോട്ട് ചെയ്തത്. ഇടതുപാർട്ടികളും സ്വവർഗ വിവാഹ വാദികളും പിന്തുണച്ച ബില്ലിനെ ചാൻസലർ അംഗല മെർക്കൽ അടക്കമുള്ള ഭരണപക്ഷവും എതിർത്തിരുന്നു. ജര്‍മ്മന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 6-ല്‍, കത്തോലിക്കാ കാഴ്ചപ്പാടനുസരിച്ചുള്ള എതിര്‍ലിംഗവുമായുള്ള വിവാഹ ബന്ധത്തിനാണ് ഊന്നല്‍ കൊടുത്തിരിക്കുന്നതെന്ന് മാര്യേജ് ആന്‍ഡ് ഫാമിലി ബിഷപ്പ് കമ്മീഷന്‍ ചെയര്‍മാനായ ഹെയിനര്‍ കോച്ച് മെത്രാപ്പോലീത്ത പ്രതികരിച്ചു. കത്തോലിക്കാ കാഴ്ചപ്പാടിലുള്ള വിവാഹ ബന്ധത്തിനുനേര്‍ക്കുള്ള വെല്ലുവിളികള്‍ വര്‍ദ്ധിച്ചുവരുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രജിസ്റ്റര്‍ ചെയ്യുന്ന സ്വവര്‍ഗ്ഗ വിവാഹങ്ങള്‍ക്ക് അനുവാദം കൊടുത്തപ്പോള്‍ ഫെഡറല്‍ കോണ്‍സ്റ്റിറ്റ്യൂഷണല്‍ കോടതി എതിര്‍ലിംഗ വിവാഹത്തിനു ഭരണഘടനാപരമായ സംരക്ഷണം ഉറപ്പ് വരുത്തിയിരുന്നുവെന്ന് ചര്‍ച്ച്സ് ഓഫ് കത്തോലിക്ക് ഓഫീസിന്റെ ഡയറക്ടറായ മോണ്‍സിഞ്ഞോര്‍ കാള്‍ ജസ്റ്റന്‍ പറഞ്ഞു. വോട്ടെടുപ്പില്‍ പാസ്സായ ബില്‍ ഈ വരുന്ന ജൂലൈ 7-ന് ജര്‍മ്മന്‍ പാര്‍ലമെന്റിന്റെ ഉപരിസഭയുടെ അംഗീകാരത്തോടെ നിയമമായി തീരും എന്നാണ് കരുതപ്പെടുന്നത്. വോട്ടെടുപ്പില്‍ പാസ്സായെങ്കിലും പലകോണുകളില്‍ നിന്നും നിയമത്തിനെതിരെ ശക്തമായ എതിര്‍പ്പുകള്‍ ഉയരുന്നുണ്ട്.
![](/images/close.png)