News - 2024

ഇന്ന് സീറോ മലബാര്‍ സഭാദിനം

സ്വന്തം ലേഖകന്‍ 03-07-2017 - Monday

കൊച്ചി: ഭാരതത്തിന്റെ അപ്പോസ്തലന്‍ മാര്‍ തോമ്മാശ്ളീഹായുടെ സ്മരണ പുതുക്കി സീറോ മലബാര്‍ സഭ ഇന്ന് സഭാദിനമായി ആഘോഷിക്കുന്നു. സഭാദിനാഘോഷം കാക്കനാട് മൗണ്ട് സെന്‍റ് തോമസിൽ ഇന്ന് നടക്കും. സഭയുടെ എല്ലാ രൂപതകളുടെയും സന്യാസ സമൂഹങ്ങളുടെയും വൈദിക, സന്യസ്ത, അല്മായ പ്രതിനിധികള്‍ സഭാദിനാഘോഷങ്ങള്‍ക്ക് ഒരുമിച്ച് ചേരും. രാവിലെ 9.45നു മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പതാക ഉയർത്തും.

തുടർന്നു സെന്‍റ് തോമസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ സെന്‍റ് തോമസ് ദിനത്തിന്‍റെ സന്ദേശം നൽകുന്ന മേജർ ആർച്ച്ബിഷപ് വിവിധ രൂപതകളിൽ നിന്നുള്ള പ്രതിനിധികളുമായി ആശയവിനിമയം നടത്തും. റവ. ഡോ. ജോസ് ചിറമേൽ മോഡറേറ്ററാകും. 11.15നു മേജർ ആർച്ച്ബിഷപ്പിന്‍റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ റാസ കുർബാന. ഛാന്ദ രൂപത മുൻ അധ്യക്ഷൻ ബിഷപ് മാർ വിജയാനന്ദ് നെടുംപുറം വചനസന്ദേശം നൽകും.

ഇരിങ്ങാലക്കുട രൂപത ചാൻസലർ ഫാ. ക്ലമന്‍റ് ചിറയത്ത് ആർച്ച്ഡീക്കനാകും. ഉച്ചകഴിഞ്ഞ് നടക്കുന്ന പൊതുസമ്മേളനത്തിൽ വിവിധ മേഖലകളിൽ മികവു തെളിയിച്ച സഭാംഗങ്ങളായ യുവാക്കൾക്കു മേജർ ആർച്ച്ബിഷപ് പുരസ്കാരങ്ങൾ നൽകും. നടനും സംവിധായകനുമായ സിജോയ് വർഗീസ് യുവജന വർഷാചരണത്തിന്‍റെ സന്ദേശം നൽകും. റവ. ഡോ. ജോർജ് മഠത്തിപ്പറമ്പിൽ, ഫാ. മാത്യു പുളിമൂട്ടിൽ എന്നിവർ പ്രസംഗിക്കും.

തൃക്കാക്കര ഭാരതമാതാ കോളജിന്‍റെ നേതൃത്വത്തിൽ കലാപരിപാടികൾ, അങ്കമാലി മോണിംഗ് സ്റ്റാർ കോളജിലെ വിദ്യാർഥികളുടെ പ്രത്യേക പരിപാടി എന്നിവ നടക്കും. സഭാദിനാഘോഷത്തിനായി റവ. ഡോ. പീറ്റർ കണ്ണന്പുഴ ജനറൽ കണ്‍വീനറായി വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നുണ്ട്.


Related Articles »