News - 2025
അറേബ്യന്‍ വികാരിയാത്തിന്റെ മുന്‍ അദ്ധ്യക്ഷന്‍ ബിഷപ്പ് ജിയോവാനി ദിവംഗതനായി
സ്വന്തം ലേഖകന്‍ 07-07-2017 - Friday
അബുദാബി: സതേണ്‍ അറേബ്യന്‍ വികാരിയാത്തിന്റെ മുന്‍ അധ്യക്ഷന്‍ ബിഷപ്പ് എമിരറ്റസ് ബെര്‍ണാര്‍ഡ് ജിയോവാനി ഗ്രിമോളി അന്തരിച്ചു. 91 വയസായിരുന്നു. ഇറ്റലിയിലെ ഫ്ളോറന്‍സില്‍ വ്യാഴാഴ്ചയായിരുന്നു അന്ത്യം. സംസ്കാരം നാളെ (ജൂലൈ 8) രാവിലെ 9.30ന് ഫ്ലോറന്‍സിലെ മോണ്ടുകി കപ്പൂച്ചിന്‍ ആശ്രമത്തില്‍ നടക്കും. 1976 മുതല്‍ 2005 വരെ കാലയളവിലാണ് യു.എ.ഇയില്‍ അറേബ്യന്‍ വികാരിയാത്തിന്റെ അപ്പസ്തോലിക് വികാറായി ബെര്‍ണാര്‍ഡ് ജിയോവാനി സേവനം അനുഷ്ഠിച്ചത്.
1926ല്‍ ഇറ്റലിയിലെ പോപ്പിയിലെ കര്‍ഷക കുടുംബത്തില്‍ ആറു മക്കളില്‍ രണ്ടാമനായാണ് ബെര്‍ണാര്‍ഡ് ജനിച്ചത്. 1942ല്‍ കപ്പൂച്ചിന്‍ സഭയില്‍ ചേര്‍ന്നു. 1951 ഫെബ്രുവരി 17നാണ് അദ്ദേഹം പ്രഥമദിവ്യ ബലി അര്‍പ്പിച്ചു. റോമിലെ പൊന്തിഫിക്കല്‍ അര്‍ബേനിയന്‍ സര്‍വകലാശാലയില്‍ നിന്നു കാനന്‍ നിയമത്തില്‍ ഡിഗ്രിയെടുത്തിട്ടുള്ള ഇദ്ദേഹം 1975 ഒക്ടോബര്‍ 2നാണ് അറേബ്യയുടെ അപ്പസ്തോലിക് വികാറായി ചാര്‍ജെടുത്തത്. 2001-ല്‍ അദ്ദേഹത്തിന് 75വയസ്സുള്ളപ്പോള്‍ രാജി സന്നദ്ധത അന്നത്തെ മാര്‍പാപ്പ ജോണ്‍ പോള്‍ രണ്ടാമനെ അറിയിച്ചു. വത്തിക്കാന്റെ നിര്‍ദേശത്തെ തുടര്‍ന്നു 2005-വരെ അദ്ദേഹം പദവിയില്‍ തുടരുകയായിരിന്നു.