News - 2024
ക്രൈസ്തവരെ തിരഞ്ഞുപിടിച്ച് കൂട്ടക്കൊല നടത്തുന്ന ISIS പ്രവർത്തി വംശഹത്യയെന്ന് അംഗീകരിക്കണമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രിയോട് ജനപ്രതിനിധികൾ
അഗസ്റ്റസ് സേവ്യർ 22-12-2015 - Tuesday
ക്രൈസ്തവരെ തിരഞ്ഞുപിടിച്ച് കൂട്ടക്കൊല നടത്തുന്ന ISIS പ്രവർത്തി വംശഹത്യയെന്ന് അംഗീകരിക്കാൻ, ബ്രിട്ടിഷ് പ്രധാനമന്ത്രി- ഡേവിഡ് കാമറോൺ ഐക്യരാഷ്ട്രസഭയിൽ (UN) സ്വാധീനം ചെലുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, 60 പൊതുപ്രവർത്തകർ ഒപ്പിട്ട എഴുത്ത് രണ്ട് കത്തോലിക്കരായ ജനപ്രതിനിധികൾ ചേർന്ന് പ്രധാനമന്ത്രിക്ക് കൈമാറി.
ക്രൈസ്തവരേയും മറ്റ് മത ന്യൂനപക്ഷങ്ങളേയും കൊന്നൊടുക്കുന്നത് വംശഹത്യയാണെന്ന്, എഴുത്തിൽ ഒപ്പിട്ട 60 പാർലിമെന്റ് അംഗങ്ങൾ അഭിപ്രായപ്പെട്ടു.
ഭരണപക്ഷത്തിലും പ്രതിപക്ഷത്തിലും പെട്ട രണ്ട് ക്രൈസ്തവ എം.പി മാരാണ് എഴുത്ത് തയ്യാറാക്കിയത്. റോബ് ഫ്ളല്ലോ, ആൾട്ടൺ പ്രഭു എന്നിവരാണ് കത്ത് തയ്യാറാക്കുന്നതിൽ മുൻകൈയ്യെടുത്തവർ.
ക്രൈസ്തവ നേതാക്കളുടെ കൊലപാതകങ്ങൾ, പീഠനങ്ങൾ, കൂട്ടക്കൊല, ക്രൈസ്തവരായ പെൺകുട്ടികളുടെയും സ്ത്രീകളുടെയും ലൈംഗീക അടിമത്വം, ഇവയ്ക്കെല്ലാം ഉത്തരവാദി ISIS ആണെന്നതിന് വ്യക്തമായ തെളിവുകൾ എഴുത്തിൽ സൂചിപ്പിക്കുന്നുണ്ടെന്ന് BBC റിപ്പോർട്ട് ചെയ്തു.
ഭീകരർ ബലപ്രയോഗത്തിലൂടെ ഇസ്ലാം മതത്തിലേക്ക് ആളെ ചേർത്തു കൊണ്ടിരിക്കുന്നു. അതിനു വിസമ്മതിക്കുന്ന പുരഷന്മാരെ വധിക്കുകയും പെൺകുട്ടികളെയും സ്ത്രീകളെയും ലൈംഗീക അടിമകളാക്കുകയും ചെയ്യുന്നു. ക്രൈസ്തവ ദേവാലയങ്ങൾ, ആശ്രമങ്ങൾ വിശുദ്ധ വസ്തുക്കൾ എന്നിവ നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
വാക്കുകളെ പറ്റിയുള്ള ചർച്ചയല്ല ഞങ്ങളുദ്ദേശിക്കുന്നത്, എഴുത്ത് തുടരുന്നു. സിറിയയിൽ നടക്കുന്നത് വംശഹത്യയാന്നെന്ന് UN സമ്മതിച്ചാൽ, അതിൽ നിന്നും രണ്ട് പ്രയോജനങ്ങൾ തങ്ങൾ പ്രതീക്ഷിക്കുന്നു എന്ന് അവർ വ്യക്തമാക്കുന്നു.
ഒന്നാമത്, ഇസ്ലാമിക് ഭീകരർക്ക് ഇത് ഒരു താക്കീതായിരിക്കും. തങ്ങൾ ചെയ്യുന്നത് വംശഹത്യയാണെന്നതു കൊണ്ട് ഭാവിയിൽ, എത്ര വർഷം കഴിഞ്ഞാലും, തങ്ങൾ പിടിക്കപ്പെടുമെന്നും, ലോകസമൂഹം തങ്ങളെ ശിക്ഷിക്കുമെന്നും ഭീകരർ തിരിച്ചറിയും.
രണ്ടാമതായി, ഇസ്ലാമിക് ഭീകരർ നടത്തുന്നത് വംശഹത്യയാണെന്ന് UN പ്രസ്താവിച്ചാൽ, UN- ൽ ഉൾപ്പെട്ട 127 അംഗ രാജ്യങ്ങൾക്കും, ഇസ്ലാമിക് ഭീകരർക്കെതിരെ നടപടിയെടുക്കാൻ ആത്മധൈര്യം ലഭിക്കും.
കൊലപാതകങ്ങളിലൂടെയും ബലാൽസംഗങ്ങളിലൂടെയുമുള്ള മതപരിവർത്തനമാണ് ISIS നടത്തി കൊണ്ടിരിക്കുന്നത് എന്ന് എഴുത്തിൽ പറയുന്നു. ഇറാക്കി, സിറിയൻ ക്രൈസ്തവർ, മുസ്ലിം ന്യൂനപക്ഷങ്ങളായ യെസ്ഡികൾ എന്നിവരാണ് മതതീവ്രവാദത്തിന് ഇരകളായി കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ഒക്ടോബറിൽ തന്നെ, മധ്യ പൂർവ്വ ദേശത്ത് ക്രൈസ്തവരെ കൂട്ടക്കൊല ചെയ്യുന്നത് വംശഹത്യയാണോ എന്ന് പരിശോധിക്കാമെന്ന്, ബ്രിട്ടീഷ് ഗവൺമെന്റ് സമ്മതിച്ചിരുന്നതാണ്. പക്ഷേ, ഗവൺമെന്റ് ആ വാക്ക് ഉപയോഗിക്കാൻ മടിച്ചിരുന്നു എന്ന് ആൾട്ടൻ പ്രഭു പറഞ്ഞു. "സിറിയയിൽ ഇസ്ലാമിക് ഭീകരർ ക്രൈസ്തവരെ തിരഞ്ഞുപിടിച്ചു കൊല്ലുന്നത് വംശഹത്യയാണ്. അത് വിളിച്ചുപറയാൻ നമ്മൾ മടിക്കുന്നു." അദ്ദേഹം പറഞ്ഞു.