News - 2025
മാൾട്ടയിലും സ്വവർഗ്ഗ വിവാഹത്തിനു അനുമതി: പ്രതിഷേധവുമായി കത്തോലിക്ക സഭ
സ്വന്തം ലേഖകന്‍ 13-07-2017 - Thursday
വല്ലെറ്റ: കത്തോലിക്കാ ഭൂരിപക്ഷമുള്ള രാജ്യമായ മാൾട്ടയിൽ സ്വവർഗ്ഗ വിവാഹത്തിന് നിയമാനുമതി നല്കി. ജൂലൈ 12 ന് നടന്ന പാർലമെന്റ് സമ്മേളനത്തിൽ ആണ് ദാമ്പത്യ ബന്ധത്തിന്റെ പവിത്രതെയെ മാനിക്കാത്ത നടപടി സ്വീകരിച്ചിരിക്കുന്നത്. സമ്മേളനത്തില്‍ വിവാഹ ഉടമ്പടിയിലെ ഭാര്യ - ഭർത്താവ് എന്ന പദങ്ങളെ ജീവിത പങ്കാളി എന്ന് പരിഷ്കരിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. യൂറോപ്യൻ രാജ്യങ്ങളുടെ ചുവടുപിടിച്ചാണ് മാൾട്ടയിലെയും പുതിയ നിയമ ഭേദഗതി വന്നിരിക്കുന്നത്.
കത്തോലിക്കാ സഭയുടെ എതിർപ്പിനെ മറികടന്നാണ് ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും പിന്തുണയോടെയുള്ള പുതിയ നീക്കം. വിവാഹമെന്ന ഉടമ്പടിയെ ആധുനികവത്കരിച്ച് പൗരന്മാർക്ക് ദാമ്പത്യം സ്വമേധയാ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമാണ് പുതിയ നിയമമെന്ന് മന്ത്രി ഹെലന ഡാല്ലി പറഞ്ഞു.
Must Read: സ്വവര്‍ഗ്ഗാനുരാഗിയില്‍ നിന്ന് യേശുവിലേക്ക്
2011 വരെ വിവാഹമോചനത്തിനു നിയമസാധുത നല്‍കാതെയിരിന്ന രാജ്യമായിരിന്നു മാള്‍ട്ട. വിവാഹ ബന്ധത്തിന്റെ വിശുദ്ധിയെ ഇല്ലായ്മ ചെയ്തു കൊണ്ട് സ്വവർഗ്ഗ വിവാഹത്തിന് അനുമതി നല്കുന്ന നിയമത്തെ ആർച്ച് ബിഷപ്പ് ചാൾസ് സിക്ലന വിമർശിച്ചു. സര്‍ക്കാര്‍ ഏതുരീതിയില്‍ വിവാഹത്തെ നിര്‍വചിച്ചാലും വിവാഹം എന്നത് സ്ത്രീയും പുരുഷനും തമ്മില്‍ മാത്രമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്‍റ് നടപടിക്കെതിരെ രൂപതാധ്യക്ഷന്‍മാരും വിവിധ കത്തോലിക്ക സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
അതേ സമയം നപടിയെ ന്യായീകരിച്ച് കൊണ്ട് മാൾട്ട പ്രധാനമന്ത്രി ജോസഫ് മസ്കറ്റ് രംഗത്തെത്തി. വിവാഹത്തിന് വർഗ്ഗത്തെ അടിസ്ഥാനമാക്കി വേർതിരിവില്ലെന്നും അതിനാൽ 'ജീവിത പങ്കാളി' എന്ന സംജ്ഞയ ഉൾപ്പെടുത്തി വിവാഹ ഉടമ്പടിയെ നവീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
You May Like: സ്വവര്‍ഗ്ഗഭോഗത്തെക്കുറിച്ച് സഭ യഥാര്‍ത്ഥത്തില്‍ എന്താണ് പഠിപ്പിക്കുന്നത്?
പുതിയ നിയമദേദഗതി പ്രകാരം വൈദ്യസഹായത്തോടെ സ്വവർഗ്ഗ ദമ്പതികൾക്കുണ്ടാകുന്ന മക്കൾക്ക് അപ്പൻ, അമ്മ എന്നീ പദങ്ങൾക്ക് പകരം രക്ഷിതാക്കൾ എന്ന് സാധാരണയായി ഉപയോഗിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. യൂറോപ്യൻ ഭൂഖണ്ഡങ്ങളിലെ പന്ത്രണ്ടിലധികം രാജ്യങ്ങളാണ് ഇതിനോടകം സ്വവർഗ്ഗ വിവാഹത്തിന് നിയമാനുമതി നല്കിയിരിക്കുന്നത്. ഇക്കഴിഞ്ഞ ആഴ്ചയാണ് ജര്‍മ്മനിയില്‍ സ്വവര്‍ഗ്ഗവിവാഹം നിയമവിധേയമാക്കിയത്.