News - 2025
ഓഗസ്റ്റ് മുതല്‍ ശമ്പളവര്‍ദ്ധന നടപ്പിലാക്കാന്‍ കെസിബിസി നിര്‍ദ്ദേശം
സ്വന്തം ലേഖകന്‍ 15-07-2017 - Saturday
കൊച്ചി: കത്തോലിക്കാസഭയുടെ കീഴിലുള്ള ആശുപത്രികളിൽ നഴ്സുമാരുടെ ശമ്പളവർധന നടപ്പിലാക്കാൻ കെസിബിസി നിർദേശം നല്കി. സർക്കാർ നിർദേശിച്ച ശമ്പളവർധന സഭയുടെ കീഴിലുള്ള ആശുപത്രികളില്‍ ഓഗസ്റ്റ് മുതൽ നടപ്പിൽ വരുത്താനുള്ള നിർദേശമാണു കെസിബിസി നൽകിയിരിക്കുന്നത്. കെസിബിസി ലേബർ, ഹെൽത്ത് കമ്മീഷനുകളുടെയും കത്തോലിക്കാ ആശുപത്രികളുടെയും പ്രതിനിധികളടങ്ങിയ പതിനൊന്നംഗ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നിർദേശം.
ചെറുകിട ആശുപത്രികൾ, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിലുള്ള ചെറിയ ആശുപത്രികൾ നഴ്സിംഗ് ഹോമുകൾ എന്നിവ അനുഭവിക്കുന്ന പ്രായോഗിക പ്രശ്നങ്ങള്‍ ഗൗരവപൂർവം പരിഗണിച്ച് അവയെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു.
നഴ്സുമാര്‍ക്കു ന്യായമായ വേതനം ലഭിക്കേണ്ടതു സാമാന്യ നീതിയുടെ വിഷയമായി കാണണമെന്നും സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിക്കുന്ന വേതനം സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ക്കു ഉറപ്പാക്കണമെന്നും സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നേരത്തെ അഭിപ്രായപ്പെട്ടിരിന്നു.