News - 2025

കോംഗോയില്‍ കത്തോലിക്കാ വൈദികരെ തട്ടിക്കൊണ്ട് പോയി

സ്വന്തം ലേഖകന്‍ 19-07-2017 - Wednesday

ബുടെമ്പോ, കോംഗോ: കോംഗോയിലെ കിവു പ്രവിശ്യയില്‍ നിന്ന് രണ്ട് കത്തോലിക്കാ വൈദികരെ തോക്കുധാരികളായ അക്രമികള്‍ തട്ടിക്കൊണ്ട് പോയി. രാജ്യത്തിന്റെ കിഴക്കന്‍ ഭാഗത്തുള്ള വടക്കന്‍ കിവു പ്രവിശ്യയിലെ ബുന്യുകായിലെ ഔര്‍ ലേഡി ഓഫ് ഏഞ്ചല്‍സ് ഇടവകയിലെ പുരോഹിതന്‍മാരായ ഫാദര്‍ ചാള്‍സ് കിപാസാ, ജീന്‍ പിയറെ അകിലിമാലി എന്നിവരെയാണ് തട്ടിക്കൊണ്ട് പോയിരിക്കുന്നത്. ഞായറാഴ്ച രാത്രി 10 മണിയോടടുത്തായിരുന്നു സംഭവം. പത്തുപേരടങ്ങുന്ന സംഘമാണ് ഈ തട്ടിക്കൊണ്ട് പോകലിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

തട്ടിക്കൊണ്ടു പോയ വൈദികരെ മോചിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് കോംഗോയിലെ മെത്രാന്‍ സമിതി പ്രസ്താവനയിറക്കിയിട്ടുണ്ട്. രാഷ്ട്രീയമില്ലാതെ ജനങ്ങളുടെ നന്മക്ക് വേണ്ടി പ്രവര്‍ത്തിക്കുവാന്‍ ജീവിതം സമര്‍പ്പിച്ചിരിക്കുന്ന ദൈവത്തിന്റെ പ്രതിപുരുഷന്‍മാരാണ് പുരോഹിതന്‍മാര്‍. അവരെ ഉപദ്രവിക്കുക എന്നാല്‍ അവര്‍ സേവിക്കുന്ന രാജ്യത്തെത്തന്നെ ഉപദ്രവിക്കുന്നതിന് തുല്ല്യമാണെന്ന്‍ കോംഗോയിലെ നാഷണല്‍ എപ്പിസ്കോപ്പല്‍ കോണ്‍ഫ്രന്‍സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

അക്രമികളുടെ കയ്യില്‍ നിന്നും പുരോഹിതരെ മോചിപ്പിക്കുവാന്‍ വേണ്ടതെല്ലാം ചെയ്യണമെന്നും കോംഗോയിലെ സുരക്ഷാ ഉദ്യോഗസ്ഥരോട് മെത്രാന്‍ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. 2012-ല്‍ ഇതേ സ്ഥലത്തുനിന്നും മൂന്ന്‍ പുരോഹിതന്‍മാരെ തട്ടിക്കൊണ്ടു പോയകാര്യവും മെത്രാന്‍ സമിതിയുടെ പ്രസ്താവനയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നു. അവര്‍ ഇതുവരേയും മോചിതരായിട്ടില്ല. വംശീയ ആക്രമണങ്ങളും, കവര്‍ച്ചയും കൊലപാതകവും നിമിത്തം അരക്ഷിതമായ ഒരവസ്ഥയാണ് കോംഗോയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത്.

ഉഗാണ്ടന്‍ അതിര്‍ത്തിക്ക് സമീപം സ്ഥിതിചെയ്യുന്ന ബുന്യുകാ പ്രദേശം കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി വംശീയ ലഹളകളുടേയും, ആഭ്യന്തര കലഹങ്ങളുടേയും വേദിയാണ്. തൊട്ടടുത്തുള്ള ബേനി നഗരത്തില്‍ 2014-ല്‍ ആരംഭിച്ച ആക്രമണ പരമ്പരയില്‍ നൂറുകണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ജൂണില്‍ ബേനിയിലെ ജയിലില്‍ നടന്ന ആക്രമണത്തില്‍ 11 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഏതാണ്ട് 930 തടവു പുള്ളികള്‍ ആ ആക്രമണത്തിനിടയില്‍ രക്ഷപ്പെടുകയും ചെയ്തു.

മായി-മായി എന്ന സാമുദായിക പോരാളി സംഘടനയുടെ ആക്രമണത്തില്‍ 12 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 2016 ഡിസംബറില്‍ കവര്‍ച്ചാ ശ്രമം തടയുന്നതിനിടക്ക് ബുകാവുവിലെ ഒരു കന്യാസ്ത്രീക്ക് ജീവന്‍ നഷ്ടപ്പെട്ടു. കഴിഞ്ഞ മാര്‍ച്ചില്‍ രാജ്യത്തെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരുന്ന ഫാദര്‍ വിന്‍സെന്റ് മാച്ചോസി കാരുന്‍സുവിനെ വടക്കന്‍ കിവുവിലെ സായുധപ്പോരാളികള്‍ കൊലപ്പെടുത്തിയിരുന്നു.


Related Articles »