News - 2025
കത്തോലിക്കാ പേജുകള്‍ ബ്ളോക്ക് ചെയ്തതില്‍ ഫേസ്ബുക്ക് ക്ഷമാപണം നടത്തി
സ്വന്തം ലേഖകന്‍ 20-07-2017 - Thursday
ഡെന്‍വെര്‍: യാതൊരു വിശദീകരണവും കൂടാതെ കത്തോലിക്ക പേജുകള്‍ ബ്ളോക്ക് ചെയ്ത നടപടിയില്‍ ഫേസ്ബുക്ക് ക്ഷമാപണം നടത്തി. ബ്രസീലിലെ ദേശീയ മെത്രാന്‍ സമിതിയോടാണ് (CNBB) ഫേസ്ബുക്ക് പ്രതിനിധി സെസാര്‍ ബിയാന്‍കോണി ക്ഷമാപണം നടത്തിയത്. വിലക്ക് നീക്കിയതായും ഫേസ്ബുക്ക് അറിയിച്ചിട്ടുണ്ട്. ജീസസ് ആന്‍ഡ് മേരി, കത്തോലിക് ആന്‍ഡ് പ്രൌഡ്, ഫാ. റോക്കി തുടങ്ങിയ ഇംഗ്ലീഷ് ഭാഷയിലുള്ള പേജുകള്‍ കൂടാതെ പോര്‍ച്ചുഗീസ്, സ്പാനിഷ് എനീ ഭാഷകളിലുള്ള പേജുകളും ഫേസ്ബുക്ക് നിരോധിച്ചിരുന്നു.
നടപടി വിവാദമായ സാഹചര്യത്തില്‍, ബ്രസീലിലെ ഫേസ്ബുക്കിന്റെ വക്താവായ സെസാര്‍ ബിയാന്‍കോണി സിഎന്‍ബിബിയുമായി ബന്ധപ്പെടുകയും, സംഭവിച്ച കാര്യങ്ങള്‍ വിശദീകരിക്കുകയായിരിന്നു. അനാവശ്യ സന്ദേശങ്ങള്‍ ഒഴിവാക്കുവാനായുള്ള ഫേസ്ബുക്കിന്റെ സ്പാം ഡിറ്റക്ഷന്‍ ടൂളില്‍ സംഭവിച്ച തകരാറാണ് വിലക്കുകള്‍ക്ക് പിന്നില്‍ സംഭവിച്ചതെന്ന് ഫേസ്ബുക്ക് പ്രതിനിധി നല്‍കിയ വിശദീകരണം.
ഇക്കഴിഞ്ഞ ജൂലൈ 18-നായിരുന്നു ബ്രസീലിലും പുറത്തുമുള്ള നിരവധി കത്തോലിക്കാ ഫേസ്ബുക്ക് പേജുകള്‍ യാതൊരു വിശദീകരണവും കൂടാതെ ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തത്. രണ്ടു ഡസനിലധികം കത്തോലിക്കാ പേജുകളാണ് ഇത്തരത്തില്‍ ബ്ലോക്ക് ചെയ്തത്. ദശലക്ഷകണക്കിന് ആളുകള്‍ പിന്തുടരുന്ന കത്തോലിക്ക പേജുകളാണ് ബ്ളോക്ക് ചെയ്തതില്‍ ഭൂരിഭാഗവും.
ഫേസ്ബുക്കിന്റെ ഏകപക്ഷീയമായ ഈ നടപടിക്കെതിരെ ആഗോളതലത്തില്‍ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്നാണ് ഫേസ്ബുക്ക് ക്ഷമാപണം നടത്തുവാന്‍ തയ്യാറായതെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേ സമയം എന്തുകൊണ്ടാണ് കത്തോലിക്കാ പേജുകള്‍ മാത്രം ബ്ലോക്ക് ചെയ്യപ്പെട്ടത് എന്നതിനെക്കുറിച്ച് വ്യക്തമായ വിശദീകരണം ഫേസ്ബുക്കിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.