News - 2025

ഏഷ്യന്‍ കത്തോലിക്ക യുവജനസംഗമത്തിനായുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍

സ്വന്തം ലേഖകന്‍ 22-07-2017 - Saturday

ജക്കാര്‍ത്ത: 21 ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള കത്തോലിക്ക യുവജനങ്ങള്‍ പങ്കെടുക്കുന്ന ഏഴാമത് ഏഷ്യന്‍ യുവജനസംഗമത്തിനായുള്ള ഒരുക്കങ്ങള്‍ ഇന്തോനേഷ്യയില്‍ അവസാനഘട്ടത്തില്‍. ഇന്തോനേഷ്യയിലെ യോഗ്യകര്‍ത്ത നഗരത്തില്‍ ജൂലായ്‌ 30 മുതല്‍ ആഗസ്‌റ്റ്‌ 6 വരെയാണ്‌ യുവജനസംഗമം നടക്കുന്നത്. സെമറാങ്‌ രൂപത ആതിഥേയത്വം വഹിക്കുന്ന പരിപാടിയില്‍ യുവജനങ്ങള്‍ തങ്ങളുടെ ക്രൈസ്തവ വിശ്വാസം ഏറ്റുപറയും.

"ആനന്ദിക്കുന്ന ഏഷ്യന്‍ യുവത്വം: ബഹുമുഖ സംസ്‌ക്കാരത്തില്‍ ജീവിക്കുന്ന സുവിശേഷം" എന്ന ആശയമാണ്‌ യൂത്ത്‌ ഡേയുടെ ചിന്താവിഷയം. ഫെഡറേഷന്‍ ഓഫ്‌ ഏഷ്യന്‍ ബിഷപ്പ്‌ കോണ്‍ഫറന്‍സിന്റെ അംഗീകാരത്തോടെ കാത്തലിക്‌ യൂത്ത്‌ ഓഫ്‌ ഏഷ്യയുടെ നിര്‍ദേശ പ്രകാരമാണ്‌ യൂത്ത്‌ ഡേ സംഘടിപ്പിക്കുന്നത്‌. 1985-ല്‍ തായ്ലന്‍റില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ തുടക്കം കുറിച്ച സംഗമത്തില്‍ ഏഷ്യയിലെ വിവിധ രാജ്യങ്ങളില്‍നിന്നും 2000 ത്തിലേറെ യുവജനങ്ങള്‍ പങ്കെടുക്കാറുണ്ട്‌.

ഏഷ്യന്‍ യൂത്ത്‌ ഡേയില്‍ ഇന്ത്യയില്‍ നിന്ന് 86 പേരടങ്ങുന്ന പ്രതിനിധി സംഘം പങ്കെടുക്കും. ഒരു ആര്‍ച്ച് ബിഷപ്പും 2 ബിഷപ്പുമാരും 12 വൈദികരും 2 സിസ്റ്റേഴ്സും 69 യുവജനങ്ങളുമാണ് സമ്മേളനത്തില്‍ പങ്കെടുക്കുക. മൂന്നു വര്‍ഷത്തിലൊരിക്കലാണ് ഏഷ്യന്‍ യുവജനസംഗമം നടക്കുന്നത്. 2014-ല്‍ ദക്ഷിണ കൊറിയയിലെ ഡെജൊന്‍ രൂപതയിലാണ് അവസാനമായി ഏഷ്യന്‍ യൂത്ത്‌ ഡേ നടന്നത്. ഈ സംഗമത്തില്‍ ഫ്രാന്‍സിസ് പാപ്പ പങ്കെടുത്തിരിന്നു.


Related Articles »