News - 2025
അഹിയാര രൂപത: മാര്‍പാപ്പ മറുപടി നല്‍കുവാന്‍ ആരംഭിച്ചു
സ്വന്തം ലേഖകന്‍ 25-07-2017 - Tuesday
അബൂജ: തദ്ദേശീയനായ ഒരാളെ മെത്രാനാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്ന നൈജീരിയന്‍ പുരോഹിതര്‍ക്കുള്ള മറുപടി ഫ്രാന്‍സിസ് പാപ്പാ നല്‍കിത്തുടങ്ങി. നൈജീരിയയിലെ അഹിയാര രൂപതയിലെ ഒരു വിഭാഗം പുരോഹിതരും, അത്മായരുമാണ് അഞ്ചുവര്‍ഷം മുന്‍പ് നിയമിതനായ ഒക്പാലെകെ എന്ന മെത്രാനെ സ്വീകരിക്കാതിരിക്കുന്നത്. തങ്ങളുടെ മെത്രാനായി തദ്ദേശീയനെ മതിയെന്ന നിലപാട് സ്വീകരിച്ച സാഹചര്യത്തിലാണ് മാര്‍പാപ്പ ഓരോ വൈദികര്‍ക്കും വ്യക്തിപരമായ മറുപടി നല്‍കുവാന്‍ ആരംഭിച്ചത്.
കത്തോലിക്കാ സഭക്ക് തന്നെ അപമാനകരമായ പ്രവര്‍ത്തിയില്‍, നൈജീരിയയില്‍ താമസിക്കുന്നവരോ, അല്ലാത്തവരോ ആയ അഹിയാര രൂപതയിലെ എല്ലാ പുരോഹിതരും ക്ഷമാപണം നടത്തുകയും, തങ്ങളുടെ മെത്രാനെ സ്വീകരിക്കുന്നതായും 30 ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അറിയക്കണമെന്നും അല്ലാത്തപക്ഷം വിലക്കിനെ നേരിടേണ്ടിവരുമെന്നും ഫ്രാന്‍സിസ് പാപ്പാ കഴിഞ്ഞ മെയ് മാസത്തില്‍ അവര്‍ക്ക് അന്ത്യശാസനം നല്‍കിയിരുന്നു.
അവര്‍ക്കനുവദിച്ച സമയം ഇക്കഴിഞ്ഞ ജൂണില്‍ അവസാനിച്ച സാഹചര്യത്തിലാണ് ഫ്രാന്‍സിസ് പാപ്പാ ആഹിയാരയിലെ പുരോഹിതര്‍ക്ക് വ്യക്തിപരമായ കത്തുകള്‍ അയച്ചുതുടങ്ങിയത്. അതേ സമയം കത്തിന്റെ ഉള്ളടക്കമെന്തെന്ന്‍ ഇതുവരെ അറിവായിട്ടില്ല. ഓരോ പുരോഹിതന്റേയും പേരില്‍ത്തന്നെയാണ് കത്ത്. നൈജീരിയിലെ വത്തിക്കാന്‍ എംബസ്സി വഴി കത്തുകള്‍ ലഭിച്ചുതുടങ്ങിയതായാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്.
വംശീയ ലഹളകളും, ഗോത്ര കലാപങ്ങളും നിമിത്തം ആഫ്രിക്കന്‍ രൂപതകളില്‍ പുറത്തുനിന്നുള്ളവരെ മെത്രാനായി അഭിഷേകം ചെയ്യുകയാണ് സഭാ പാരമ്പര്യം. 2012-ല്‍ അഹിയാര രൂപതയിലെ മെത്രാനായിരുന്ന വിക്ടര്‍ ചിക്വേയുടെ മരണത്തെത്തുടര്‍ന്ന്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പായാണ് പീറ്റര്‍ എബേരെ ഒക്പാലെകെയെ അഹിയാരയിലെ മെത്രാനായി നിയമിച്ചത്. എന്നാല്‍ അഹിയാര രൂപതയിലെ ഇമോയിലെ എമ്ബൈസ് മേഖലയിലെ ഒരു വിഭാഗം വൈദികര്‍ തങ്ങളുടെ നാട്ടില്‍നിന്നുമുള്ള ഒരാള്‍ മതി മെത്രാനെന്ന ആവശ്യവുമായി രംഗത്തെത്തുകയായിരിന്നു.
ഇതിനാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി ആഹിയാര രൂപതയില്‍ ഒരു മെത്രാനില്ലാത്ത അവസ്ഥയായിരുന്നു. ഈ പ്രശ്നവുമായി കഴിഞ്ഞ ജൂണ്‍ 8-ന് തന്നെ സമീപിച്ച ആഫ്രിക്കന്‍ സഭാനേതാക്കളോട് ‘ഒക്പാലെകെ മെത്രാനെ അംഗീകരിക്കാതെ രൂപതയുടെ അധികാരം ഏറ്റെടുക്കുവാന്‍ ശ്രമിക്കുന്നവര്‍ സഭയെത്തന്നെ തകര്‍ക്കുവാനാണ് ശ്രമിക്കുന്നതെന്നാണ്' പാപ്പാ പറഞ്ഞത്’. അതേ സമയം നൈജീരിയയുടേയും, കത്തോലിക്കാ സഭയുടേയും ഐക്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ് അഹിയാരയിലെ വിശ്വാസികള്‍.