News - 2025
അഹിയാര രൂപതാധ്യക്ഷന്റെ രാജി മാര്‍പാപ്പ അംഗീകരിച്ചു
സ്വന്തം ലേഖകന്‍ 20-02-2018 - Tuesday
അബൂജ: നൈജീരിയയിലെ അഹിയാര രൂപതയിലെ മെത്രാന്‍ നിയമനവുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രശ്നങ്ങള്‍ക്ക് താത്ക്കാലിക പരിഹാരം. രൂപതയിൽ സേവനമനുഷ്ഠിച്ചിരുന്ന മെത്രാൻ പീറ്റർ എബേരെ ഒക്പാലെകെയുടെ രാജിക്കത്ത് ഫ്രാൻസിസ് പാപ്പ സ്വീകരിച്ചു. ഒരു വർഷത്തോളം നീണ്ടു നിന്ന അനുരഞ്ജന ശ്രമങ്ങൾ നടത്തിയിട്ടും രൂപതയിലെ വൈദികര്‍ രൂപതാദ്ധ്യക്ഷനെ അംഗീകരിക്കാത്തതിനെ തുടർന്നാണ് ബിഷപ്പ് ഒക്പാലെകെ രാജി സന്നദ്ധത അറിയിച്ചത്. മാർപാപ്പ വ്യക്തമായ നിർദ്ദേശം നൽകിയിട്ടും തദ്ദേശീയനല്ലാത്ത മെത്രാനെ അംഗീകരിക്കില്ലായെന്നായിരിന്നു വിശ്വാസികളുടെ നിലപാട്.
ബിഷപ്പ് ഒക്പാലെകെയെ സ്വീകരിക്കാത്ത പക്ഷം വൈദികരെ പുറത്താക്കുമെന്നറിയിച്ചെങ്കിലും സ്ഥിതിഗതികൾക്ക് മാറ്റമുണ്ടായില്ല. കഴിഞ്ഞ ജൂണിൽ മാർപാപ്പ പുറപ്പെടുവിച്ച ഉത്തരവ് മാസങ്ങൾക്ക് ശേഷവും ഫലം കാണാത്തതിനെ തുടർന്ന് തിങ്കളാഴ്ചയാണ് ബിഷപ്പ് ഒക്പാലെകെയുടെ രാജി അംഗീകരിച്ച് പുതിയ നിയമനം വത്തിക്കാന്‍ പുറപ്പെടുവിച്ചത്. ഉമുഹിയ രൂപതാധ്യക്ഷനായ മോൺ. ലൂസിയൂസ് ഐവിജുരു ഉഗോർജിക്കാണ് അഹിയാര രൂപതയുടെ അധിക ചുമതല മാര്‍പാപ്പ നല്‍കിയിരിക്കുന്നത്.
2012-ലാണ് അഹിയാര രൂപതയിലെ മെത്രാനായിരുന്ന വിക്ടര്‍ ചിക്വേയുടെ മരണത്തെത്തുടര്‍ന്ന്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പാ പീറ്റര്‍ എബേരെ ഒക്പലാകേയയെ മെത്രാനായി നിയമിച്ചത്. എന്നാല്‍ അഹിയാര രൂപതയിലെ എംബൈസ് മേഖലയിലെ ഒരു വിഭാഗം വൈദികര്‍ തങ്ങളുടെ ഭാഷ സംസാരിക്കുന്ന തദ്ദേശീയനായ മെത്രാന്‍ മതിയെന്ന നിലപാടില്‍ പുതിയ മെത്രാനെ അംഗീകരിക്കുവാന്‍ വിമുഖത കാണിക്കുകയായിരിന്നു. ഈ വിഭാഗീയത രൂപതയില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് വഴി തെളിയിക്കുകയായിരിന്നു.