News - 2024

സഭയുടെ സ്ഥാപനങ്ങളിൽ നിയമനം നടത്താനുള്ള അധികാരം സഭയ്ക്കാണെന്ന് യു.എസ് കോടതി വിധി

സ്വന്തം ലേഖകന്‍ 26-07-2017 - Wednesday

ന്യൂയോർക്ക്: കത്തോലിക്കാ സഭയുടെ സ്ഥാപനങ്ങളിൽ നിയമനം നടത്താനുള്ള അധികാരം സഭയ്ക്കാണെന്ന് യു.എസ് സർക്യൂട്ട് കോടതി. ഇക്കാര്യത്തിൽ ഗവൺമെന്റിനോ രാജ്യത്തിൻറെ മറ്റു ഭരണസംവിധാനങ്ങൾക്കോ അധികാരമില്ലെന്ന് ന്യൂയോർക്ക് അതിരൂപതയും ഫ്രറ്റലോയും നല്കിയ അപ്പീലിൽ മൂന്നംഗ ബഞ്ച് ഐക്യകണ്ഠേന വിധി പ്രസ്താവിച്ചു.

2007 മുതൽ 2011 വരെ നാനുവറ്റ് സെ.ആൻറണി സ്കൂളിലെ പ്രിൻസിപ്പൽ ആയിരുന്ന ജൊനെൻ ഫ്രറ്റല്ലോയുടെ കോൺട്രാക്റ്റ് കാലാവധി തീർന്നപ്പോൾ അതു പുതുക്കി നല്കാനുള്ള അനുമതി സഭ നല്കിയില്ല. ഇതിനെതിരേ അദ്ദേഹം കോടതിയെ സമീപിച്ചു. എന്നാൽ കത്തോലിക്കാ മൂല്യങ്ങൾക്കധിഷ്ഠിതമായി സ്കൂളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പ്രിൻസിപ്പലിനു സാധിക്കാതിരുന്നതിനാലാണ് കോൺട്രാക്റ്റ് പുതുക്കൽ തടഞ്ഞുവച്ചതെന്ന് സ്കൂൾ അധികൃതർ കോടതിയെ അറിയിച്ചു.

ക്രൈസ്തവ വിശ്വാസികളായ അധ്യാപകരെയാണ് സ്കൂളിനാവശ്യമെന്ന് സ്കൂളിനെയും രൂപതയെയും പ്രതിനിധീകരിച്ച നിയമ വിഭാഗം, ബെക്കറ്റ് ഫണ്ട് കോടതിയിൽ വാദിച്ചു. ഇക്കാര്യത്തിൽ നിയമനം നടത്താനുള്ള സ്വാതന്ത്യം സഭയ്ക്കുണ്ടെന്നും അതിൽ രാഷ്ട്രത്തിന്റേതായ ഇടപെടലുകൾ ഉണ്ടാവരുതെന്നും കോടതി പ്രഖ്യാപിച്ചതായി ബെക്കറ്റ് വക്താവ് എറിക് റാസ്ബക്ക് പറഞ്ഞു. രാഷ്ട്ര നിയമ വ്യവസ്ഥയിൽ ഉൾപ്പെടുന്നതാണ് സഭയും സഭാസ്ഥാപനങ്ങളുമെന്നും, അതിനാൽ ഈ വിഷയത്തിൽ രാഷ്ട്രത്തിന് അധികാരമുണ്ടന്നും എതിർകക്ഷിയുടെ വക്താവ് ജെറമിയ ഗലസ് ഉയർത്തിയ വാദത്തെ ഖണ്ഡിക്കുന്നതായിരുന്നു കോടതിയുടെ പ്രസ്താവന.

സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അനുദിന പ്രാർത്ഥനകൾക്കും, വിദ്യാർത്ഥികളുടെ ദിവ്യബലിയിലെ പങ്കാളിത്തതിനും, ക്രൈസ്തവ മൂല്യങ്ങളും വിശുദ്ധരുടെ കഥകളും പകർന്നു നല്കുന്നതിനും അദ്ധ്യാപകർക്ക് നേതൃത്വം നല്കാൻ സ്കൂൾ പ്രിൻസിപ്പലിന് ഉത്തരവാദിത്വമുണ്ടെന്ന വാദം കോടതി അംഗീകരിച്ചു.


Related Articles »