News - 2025
കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ വിരാമം: ഫാ. മാര്‍ട്ടിന്റെ മൃതദേഹം ഇന്ന് വിട്ടുകിട്ടും
സ്വന്തം ലേഖകന്‍ 27-07-2017 - Thursday
എഡിൻബറോ: സ്കോട്ട്ലന്‍ഡിലെ എഡിന്‍ബറോയില്‍നിന്നു ദുരൂഹസാഹചര്യത്തില്‍ കാണാതായി പിന്നീടു ബീച്ചില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ഫാ. മാര്‍ട്ടിന്‍ സേവ്യര്‍ വാഴച്ചിറയുടെ മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. ഫിസ്കൽ പ്രോക്യുറേറ്റർ മൃതദേഹം ഇന്ന് വിട്ടു നൽകുമെന്നാണ് മൃതദേഹം ഏറ്റുവാങ്ങാന്‍ സിഎംഐ സഭ ചുമതലപ്പെടുത്തിയിട്ടുള്ള വൈദികന്‍ ഫാ. ടെബിൻ ഫ്രാൻസിസ് പുത്തൻപുരയ്ക്കല്‍ അറിയിച്ചത്.
Also Read: ഫാ. മാര്‍ട്ടിന്‍ വാഴച്ചിറയുടെ മരണത്തില്‍ ദുരൂഹത തുടരുന്നു
ഇന്ത്യൻ എംബസിയുടെ എൻഓസിയും, എയർലൈൻസിൽ മൃതദേഹം കൊണ്ടുപോകാനുള്ള സൗകര്യങ്ങളും ലഭ്യമായാൽ ഉടൻ തന്നെ ഫ്യൂണറല്‍ ഡയറക്ടര്‍ ഏറ്റുവാങ്ങുന്ന മൃതദേഹം നാട്ടിലേക്ക് അയക്കാൻ കഴിയും. സിഎംഐ സഭ ചുമതലപെടുത്തിയിട്ടുള്ള ലണ്ടനിലെ സി എം ഐ ആശ്രമത്തിലെ ഫാ. റ്റെബിൻ പുത്തൻപുരക്കൽ സിഎംഐ മൃതദേഹത്തെ അനുഗമിക്കും. പുളിങ്കുന്ന് കണ്ണാടി വാഴച്ചിറയിൽ തോമസ് സേവ്യറിന്റെയും(മാമ്മച്ചൻ) പരേതയായ മറിയാമ്മയുടെയും ഇളയ മകനാണു മരിച്ച ഫാ. മാർട്ടിൻ വാഴച്ചിറ.
ചെത്തിപ്പുഴ പള്ളിയിൽ അസിസ്റ്റന്റ് വികാരിയായിരിക്കെ കഴിഞ്ഞവർഷം ജൂലൈയിലാണ് ഉപരിപഠനത്തിനായി സ്കോട്‌ലൻഡില്‍ എത്തിയത്. ജൂലൈയിൽ ഫാൽകിര്‍ക്ക് ഇടവകയിൽ എത്തിയ അദ്ദേഹം ഒക്ടോബർ മുതലാണ് ക്രിസ്റ്റോർഫിന്‍ സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ്’ റോമൻ കാത്തലിക് പള്ളിയുടെ ചുമതലയേറ്റെടുത്തത്. ഇക്കഴിഞ്ഞ ജൂണ്‍ 23നാണ് ഫാ. മാർട്ടിൻ സേവ്യറിന്‍റെ മൃതദേഹം താമസസ്ഥലത്തില്‍ നിന്ന്‍ 30 മൈല്‍ മാറി സ്ഥിതി ചെയ്യുന്ന ബീച്ചിൽ നിന്നു കണ്ടെത്തിയത്. അതേ സമയം പരിശോധനകള്‍ കഴിഞ്ഞിട്ടും മരണകാരണം ഇപ്പോഴും അവ്യക്തമായി തുടരുകയാണ്.