News - 2024

മധ്യപ്രദേശില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി വൈദികന്‍ മരിച്ചു

സ്വന്തം ലേഖകന്‍ 30-07-2017 - Sunday

ഭോപ്പാല്‍: മധ്യപ്രദേശിലെ സാഗര്‍ രൂപതയിലെ മലയാളി വൈദികന്‍ വാഹനാപകടത്തില്‍ മരണമടഞ്ഞു. രൂപതയിലെ മുതിര്‍ന്ന വൈദികനായ ഫാ. തോമസ് പോള്‍ ആറ്റുമേലാണ് ഇന്നലെ രാത്രിയില്‍ ഉണ്ടായ അപകടത്തെ തുടര്‍ന്നു മരണമടഞ്ഞത്. അപകടത്തില്‍ രണ്ട് കന്യാസ്ത്രീകള്‍ക്ക് ഗുരുതരമായ പരിക്കേറ്റു. ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. ഗുണ ദൌരാനയില്‍ വിശുദ്ധ മാര്‍ത്തയുടെ തിരുനാള്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്.

വൈദികനും സംഘവും സഞ്ചരിച്ച വാഹനം നിര്‍ത്തിയിട്ടിരുന്ന ട്രാക്ടറിന്റെ ട്രോളിയില്‍ ചെന്നിടിച്ചായിരുന്നു അപകടം. അപകടസ്ഥലത്തു വെച്ചു തന്നെ ഫാ. തോമസ് പോള്‍ മരിച്ചു. അതേ സമയം അപകടത്തില്‍ പരിക്കേറ്റ ഒരു സിസ്റ്ററിന്റെ നില അതീവഗുരുതരമാണ്. ഫാ. തോമസിന്റെ അപ്രതീക്ഷിതമായ മരണം സാഗര്‍ മിഷന്‍ രൂപതയെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമാണെന്ന് രൂപതാധ്യക്ഷന്‍ ബിഷപ്പ് ചിറയത്ത് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ചേര്‍ത്തല സ്വദേശിയായ ഫാ. തോമസ് പോള്‍ ആറ്റുമേല്‍ 1982-ലാണ് തിരുപട്ടം സ്വീകരിച്ചത്. പിന്നീട് സാഗര്‍ രൂപതയുടെ വിവിധ ഇടവകകളില്‍ വികാരിയായും രൂപതാ പ്രോക്യുറേറ്ററായും സ്കൂളുകളുടെയും ഹെല്‍ത്ത് കെയര്‍ സെന്ററുകളുടെയും മാനേജറായും സേവനം ചെയ്തിരിന്നു. അശോക് നഗര്‍ ജില്ലയിലെ സെന്റ് തോമസ് സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പലായി സേവനം ചെയ്തുവരികെയാണ് മരണം. വൈദികന് അറുപത്തിരണ്ട് വയസുണ്ട്.


Related Articles »