News - 2025
ഫാ. മാര്‍ട്ടിന്റെ മൃതദേഹം എഡിന്ബറോയില് പൊതുദര്‍ശനത്തിനു വയ്ക്കും
സ്വന്തം ലേഖകന്‍ 31-07-2017 - Monday
ലണ്ടൻ: സ്കോട്ട്ലൻഡിലെ എഡിൻബറോയിൽ മരിച്ച ഫാ. മാർട്ടിൻ വാഴച്ചിറയുടെ മൃതദേഹം അദ്ദേഹം സേവനം അനുഷ്ഠിച്ചുകൊണ്ടിരുന്ന പള്ളിയിൽ ഇന്ന് പൊതുദർശനത്തിനുവയ്ക്കും. വൈകുന്നേരം മൂന്നിനു എഡിൻബറോയിലെ കോസ്റ്റർഫിൻ സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് പള്ളിയിലാണ് മൃതദേഹം പൊതുദർശനത്തിനു വയ്ക്കുന്നത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന വൈദികരുടെ കാർമികത്വത്തിൽ മലയാളത്തിലുള്ള സമൂഹബലിയും തുടർന്ന് ഒപ്പീസും നടക്കും.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് (27/07/2017) ഫാ. മാര്‍ട്ടിന്റെ മൃതദേഹം ഫിസ്കൽ പ്രോക്യുറേറ്റർ ഫ്യൂണറല്‍ ഡയറക്ടര്‍മാര്‍ക്ക് കൈമാറിയത്. വരുന്ന ബുധനാഴ്ച (02/08/2017) ഉച്ചയ്ക്കുശേഷം എഡിൻബറോയിൽ നിന്നുള്ള എമിറേറ്റ്സ് വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക് അയക്കാൻ കഴിയുമെന്നാണ് നിലവിലെ കണക്കുകൂട്ടല്‍. അതേ സമയം മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിന് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും പൂർത്തിയാക്കേണ്ടതുണ്ട്.
മരണ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉടൻതന്നെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനാണു ശ്രമിക്കുന്നത്. മൃതദേഹം ഏറ്റുവാങ്ങാന്‍ സിഎംഐ സഭ ചുമതലപ്പെടുത്തിയിട്ടുള്ള വൈദികന് ഫാ. ടെബിൻ ഫ്രാൻസിസ് പുത്തൻപുരയ്ക്കലാണ് നടപടിക്രമങ്ങളെ ഏകോപിപ്പിക്കുന്നത്.