News - 2025
'പോപ്പുളോരും പ്രോഗ്രെസ്സിയോ' അമ്പതാം വര്‍ഷാചരണത്തിന്റെ ഭാഗമായി സ്റ്റാമ്പ് പുറത്തിറക്കും
സ്വന്തം ലേഖകന്‍ 02-08-2017 - Wednesday
വത്തിക്കാന്‍ സിറ്റി: വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പാ പുറപ്പെടുവിച്ച പോപ്പുളോരും പ്രോഗ്രെസ്സിയോ (ജനതകളുടെ പുരോഗതി) ചാക്രികലേഖനത്തിന്റെ അമ്പതാം വര്‍ഷാചരണത്തിന്റെ ഭാഗമായി പ്രത്യേക സ്റ്റാമ്പ് വത്തിക്കാന്‍ പുറത്തിറക്കും. വരുന്ന സെപ്തംബര്‍ മാസം ഏഴാം തീയതിയാണ് വത്തിക്കാന്‍ പുതിയ സ്റ്റാമ്പു പുറപ്പെടുവിക്കുന്നത്. വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ രക്തസാക്ഷിത്വത്തിന്‍റെ 1950-ാം വാര്‍ഷികത്തോടനുബന്ധിച്ച് വിശുദ്ധരുടെ ചിത്രങ്ങളോടു കൂടിയ പ്രത്യേക തപാല്‍ കവറും ഫ്രാന്‍സിസ് പാപ്പായുടെ 2017പരമ്പരയില്‍ നാലു പുതിയ നാണയങ്ങളും വത്തിക്കാന്‍ അന്നേ ദിവസം പുറത്തിറക്കും.
1967-ല്‍ വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പാ പുറപ്പെടുവിച്ച ആധുനികലോകത്തിലെ സഭയുടെ ദൗത്യത്തെ പ്രതിപാദിക്കുന്ന ചാക്രികലേഖനം സഭയുടെ സാമൂഹികപ്രബോധനരേഖകളില്‍ സുപ്രധാന സ്ഥാനമാണ് വഹിക്കുന്നത്. ചാക്രിക ലേഖനത്തിന്റെ ഒന്നാം ഭാഗത്തു അക്കാലത്തെ ആനുകാലികപ്രശ്നങ്ങളെയാണ് വിലയിരുത്തുന്നത്. മിഷനറിമാരുടെ പ്രവര്‍ത്തനങ്ങളും വികസനത്തെപ്പറ്റിയുള്ള ക്രൈസ്തവകാഴ്ചപ്പാടും ചാക്രിക ലേഖനത്തില്‍ വ്യക്തമാക്കുന്നുണ്ട്. രണ്ടാം ഭാഗത്ത് ജനതകളുടെ സാഹോദര്യവും സമാധാനത്തിന്റെ ആവശ്യവുമാണ് പാപ്പ കുറിച്ചത്.
സെപ്റ്റംബര്‍ 7നു നടക്കുന്ന ചടങ്ങില്‍ കുടിയേറ്റക്കാരുടെ മധ്യസ്ഥനായ വിശുദ്ധ ഫ്രഞ്ചേസ്ക്ക സവേരിയോ കബ്രീനിയുടെ മരണശതാബ്ദിയുടെയും നിര്‍ധനകുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിന് വേണ്ടി ജീവിതം മാറ്റിവെച്ച ഫാ. ലൊരേന്‍സോ മിലാനിയുടെ അമ്പതാം ചരമത്തിന്‍റെ അര്‍ധശതാബ്ദിയുടെയും ഭാഗമായി രണ്ടു സ്റ്റാമ്പുകളും വത്തിക്കാന്‍ പുറത്തിറക്കും.