News - 2025
ഭാരതത്തില്‍ ദളിത് ക്രൈസ്തവര്‍ കടുത്ത വിവേചനം നേരിടുകയാണെന്ന് ആര്‍ച്ച് ബിഷപ്പ് സ്റ്റാനിസ്ലോസ്
സ്വന്തം ലേഖകന്‍ 03-08-2017 - Thursday
ഡല്‍ഹി: ഭാരതത്തില്‍ ദളിതരായ ക്രൈസ്തവര്‍ വലിയ തോതില്‍ വിവേചനം നേരിടുന്നതായി ബറോഡ രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററും, ദേശീയ മെത്രാന്‍ സമിതിയുടെ ദളിത് കമ്മീഷന്‍ ചെയര്‍മാനുമായ ബിഷപ്പ് സ്റ്റാനിസ്ലോസ് ഫെര്‍ണാണ്ടസ്. ബറോഡയില്‍ നടന്ന ദേശീയ ദളിത് ക്രൈസ്തവ സംഘടകളുടെ പ്രതിനിധി സമ്മേളനത്തിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്. വിവേചനത്തിനും പാര്‍ശ്വവത്ക്കരണത്തിനും ഇരയായ സമൂഹമാണ് ദളിത് ക്രൈസ്തവരെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്‍റെ തൊഴില്‍സംവരണം, വിദ്യാഭ്യാസ സൗകര്യങ്ങള്‍, ഉന്നതവിദ്യാഭ്യാസ സീറ്റുകള്‍, ആനുകൂല്യങ്ങള്‍ എന്നിവയില്‍ നിന്നും വര്‍ണ്ണവര്‍ഗ്ഗ വിവേചനം ഭാരതത്തില്‍ ഇല്ലായ്മ ചെയ്യപ്പെട്ടിട്ടുള്ളതാണ്. എന്നാല്‍ ക്രൈസ്തവരായ ദളിതര്‍ വിവേചിക്കപ്പെടുന്നുണ്ട്. ഹിന്ദു, സിക്ക്, ബുദ്ധമതക്കാരായ ദളിതര്‍ക്ക് സര്‍ക്കാരിന്‍റെ എല്ലാ ആനുകൂല്യങ്ങളും സംവരണവും ലഭിക്കുമ്പോള്‍ ന്യൂനപക്ഷമായ ക്രൈസ്തവരും മുസ്ലീംങ്ങളും മാത്രം ഇന്ത്യയില്‍ വിവേചനത്തിന് ഇരയാകുകയാണെന്നും ബിഷപ്പ് പറഞ്ഞു. 2017 ഡിസംബര്‍ 7 ദളിത് ക്രൈസ്തവരുടെ പ്രതിഷേധദിനമായി ആചരിക്കാന്‍ പ്രതിനിധിസമ്മേളനത്തില്‍ തീരുമാനമായിട്ടുണ്ട്.