News - 2025

നൈറ്റ്സ് ഓഫ് കൊളംബസിന് ആശംസകള്‍ നേര്‍ന്ന് വത്തിക്കാന്‍

സ്വന്തം ലേഖകന്‍ 04-08-2017 - Friday

വത്തിക്കാന്‍ സിറ്റി: കത്തോലിക്ക സന്നദ്ധസംഘടനയായ നൈറ്റ്സ് ഓഫ് കൊളംബസ് അല്‍മായ സഖ്യത്തിന്‍റെ 135ാമത് പൊതുസമ്മേളനത്തിന് ആശംസകള്‍ നേര്‍ന്ന് വത്തിക്കാന്‍. ഓരോ രാജ്യത്തും സമൂഹങ്ങളിലും ഇടവകകളിലും കുടുംബങ്ങളിലും കൊളംമ്പസിന്‍റെ യോദ്ധാക്കള്‍ ജീവിച്ചുകൊണ്ടാണ് അനുദിനം അവരുടെ ആത്മീയത പ്രഘോഷിക്കുന്നതെന്ന് ഫ്രാന്‍സിസ് പാപ്പയ്ക്ക് വേണ്ടി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍ എഴുതിയ കത്തില്‍ പറഞ്ഞു.

സമൂഹത്തിന്‍റെ ആത്മീയ നവോത്ഥാനത്തിനായും മനുഷ്യഹൃദയങ്ങളുടെ മാനസാന്തരത്തിനായും നേരിട്ട് ജനങ്ങളുമായി ഇടപഴകുന്ന ആത്മീയ അല്‍മായ പ്രസ്ഥാനമാണ് നൈറ്റ്സ് ഓഫ് കൊളംബസ്. ജീവിതവെല്ലുവിളികള്‍ ഹൃദയവിശാലതയോടെ അവര്‍ നേരിടുന്നു. തങ്ങളുടെ അല്‍മായ ദൈവവിളിയില്‍ ഉറച്ചുനിന്നുകൊണ്ട് ലോകത്തിന്‍റെ വിശുദ്ധീകരണത്തിനായി അനുദിന ജീവിത ഉത്തരവാദിത്വങ്ങള്‍ വിശ്വസ്തതയോടെ ജീവിക്കാന്‍ പരിശ്രമിക്കുന്നു. സുവിശേഷമൂല്യങ്ങളില്‍ മുറുകെ പിടിച്ചുകൊണ്ട് ക്രിസ്തുവിനെ ലോകത്തിനു കാണിച്ചുകൊടുക്കുവാനും, അവിടുത്തേയ്ക്ക് സാക്ഷ്യമേകാനും കൊളംബസിന്‍റെ യോദ്ധാക്കള്‍ പരിശ്രമിക്കുന്നുയെന്നത് ശ്രദ്ധേയമാണ്.

You May Like: ‍ ഇറാഖിലെ ക്രൈസ്തവരെ സഹായിക്കാന്‍ കത്തോലിക്ക സംഘടനയുടെ നേതൃത്വത്തില്‍ ധനസമാഹരണം

സമൂഹത്തില്‍ സമാധാനം വളര്‍ത്താനും നിലനിര്‍ത്താനും ഓരോ വ്യക്തിയെയും ഓരോ സമൂഹത്തെയും ക്രമാനുഗതമായി സമീപിക്കുന്ന ‘നൈറ്റ്സ് ഓഫ് കൊളംമ്പസ്’സംഘടനയുടെ രീതി ദൈവദാസ പദത്തില്‍ എത്തിയ ഫാദര്‍ മൈക്കേല്‍ ജെ. മക്ഗിവ്നി നല്‍കിയ മാതൃകയാണ്. സംഘടനയുടെ പ്രവര്‍ത്തകര്‍ക്കും കുടുംബങ്ങള്‍ക്കും ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ത്ഥനാശംസകള്‍ നേര്‍ന്നുകൊണ്ടാണ് കര്‍ദ്ദിനാള്‍ പരോളിന്‍ തന്റെ സന്ദേശം ഉപസംഹരിച്ചത്.

ലോകമാകമാനം അടിച്ചമര്‍ത്തപ്പെടുന്ന ക്രിസ്ത്യാനികളെ സഹായിക്കുന്ന കാര്യത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന സന്നദ്ധസംഘടനയാണ് ‘നൈറ്റ്സ് ഓഫ് കൊളംബസ്’. മൈക്കേല്‍ ജെ. മക്ഗിവ്നി എന്ന വൈദികനാണ് സംഘടനയുടെ സ്ഥാപകന്‍. ലോകവ്യാപകമായി ദുരിതമനുഭവിക്കുന്നവരും, അടിച്ചമര്‍ത്തപ്പെട്ടവരും, അഭയാര്‍ത്ഥികളുമായ ക്രിസ്ത്യാനികള്‍ക്കിടയില്‍ ഏതാണ്ട് 17,50,79,192 ഡോളറോളം വരുന്ന സാമ്പത്തിക സഹായം ചെയ്യുവാന്‍ സംഘടനക്ക് ഇതുവരെ കഴിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ മെയ് മാസത്തില്‍, ഇറാഖില്‍ ദുരിതത്തില്‍ കഴിയുന്ന ക്രിസ്ത്യന്‍ അഭയാര്‍ത്ഥികളെ സഹായിക്കുന്നതിനായി ‘നൈറ്റ്സ് ഓഫ് കൊളംബസ്’ ആരംഭിച്ച ധനസമാഹരണ പദ്ധതി പ്രകാരം 2 മില്യണ്‍ ഡോളറാണ് വകയിരുത്തിയിരിക്കുന്നത്.


Related Articles »