News - 2025

ദുരിതമനുഭവിക്കുന്ന ഹെയ്ത്തിക്ക് സഹായവുമായി അമേരിക്കന്‍ മെത്രാന്‍ സംഘം

സ്വന്തം ലേഖകന്‍ 12-08-2017 - Saturday

വാഷിംഗ്ടണ്‍: ഭൂകമ്പത്തിന്‍റെയും ചുഴലിക്കാറ്റിന്‍റെയും കെടുതികള്‍ മൂലം ജീവിതം ദുസ്സഹമായ കരീബിയന്‍ നാടായ ഹെയ്ത്തിയിലെ ജനങ്ങള്‍ക്ക് സഹായവുമായി അമേരിക്കന്‍ ഐക്യനാടുകളിലെ കത്തോലിക്കാമെത്രാന്‍ സംഘം. 13 കോടിയോളം രൂപയാണ് ഹെയ്ത്തിയിലെ ജനങ്ങളുടെ ആശ്വാസത്തിനായി മെത്രാന്‍ സംഘം സംഭാവന ചെയ്തിരിക്കുന്നത്. 2010-ല്‍ ഉണ്ടായ ഭൂകമ്പത്തിന്‍റെയും 2016-ല്‍ ഉണ്ടായ മാത്യു ചുഴലിക്കാറ്റിന്‍റെയും കെടുതികള്‍ ഹെയ്ത്തിയിലെ ജനത ഇപ്പോഴും അനുഭവിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അമേരിക്കയിലെ മെത്രാന്‍ സമിതി സഹായവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഭൂകമ്പം ചുഴലിക്കാറ്റ് എന്നിവ മൂലം തകര്‍ന്ന ദേവാലയങ്ങളുടെയും ഭവനങ്ങളുടെയും പുനര്‍നിര്‍മ്മാണം, അജപാലനപ്രവര്‍ത്തരുടെ പരിശീലനം തുടങ്ങിയവയ്ക്കായി തുക വിനിയോഗിക്കും. ലാറ്റിന്‍ അമേരിക്കയിലെയും കരീബിയന്‍ നാടുകളിലെയും സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 38 കോടിയില്‍പ്പരം രൂപയുടെ സഹായം അമേരിക്കന്‍ ഐക്യനാടുകളിലെ കത്തോലിക്കമെത്രാന്‍ സംഘം ഇതുവരെ സംഭാവനചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ ഹെയ്ത്തിയിലെ ജനങ്ങള്‍ക്ക് സഹായവുമായി ഫ്രാന്‍സിസ് പാപ്പയും രംഗത്തെത്തിയിരിന്നു. പൊന്തിഫിക്കല്‍ കൗണ്‍സില്‍ കോര്‍ യൂനും വഴി ഒരു ലക്ഷം ഡോളറാണ് അന്ന്‍ സഹായമായി നല്‍കിയത്.


Related Articles »