News - 2025
ഇസ്ലാം മതസ്ഥരുടെ സമ്മര്‍ദ്ധം: സൊമാലിലാന്റിലെ ഏക കത്തോലിക്ക ദേവാലയം അടച്ചുപൂട്ടി
സ്വന്തം ലേഖകന്‍ 12-08-2017 - Saturday
ഹർഗേസ: സോമാലിയൻ റിപ്പബ്ലിക്കിന്റെ ഭാഗമായി സ്ഥിതി ചെയ്യുന്ന സോമാലിലാന്‍റിലെ ഏക കത്തോലിക്ക ദേവാലയം പ്രാദേശിക മുസ്ലിം വിഭാഗത്തിന്റെ സമ്മര്‍ദ്ധത്തെ തുടര്‍ന്നു അടച്ചുപൂട്ടി. നേരത്തെ സമ്മര്‍ദ്ധങ്ങളെ തുടര്‍ന്നു അടച്ച ദേവാലയം ജൂലായ് 29നാണ് തുറന്നു നല്‍കിയത്. ദേവാലയവുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയില്‍ വീണ്ടും ഭിന്നത ഉടലെടുത്തതിനെ തുടർന്നാണ് ദേവാലയം അടച്ചു പൂട്ടുവാന്‍ തീരുമാനമെടുത്തതെന്ന് മത മന്ത്രാലയ ചുമതല വഹിക്കുന്ന ഷേയ്ക്ക് ഖാലിൽ അബ്ദുലാഹി പറയുന്നു.
മുപ്പതു വർഷത്തോളം അടഞ്ഞു കിടന്ന ദേവാലയം അങ്ങനെ തന്നെ തുടരണമെന്നത് ജനങ്ങളുടെയും മുസ്ലിം മതനേതാക്കന്മാരുടെയും ആവശ്യമനുസരിച്ചാണെന്നും ആഗസ്റ്റ് 8ന് നടന്ന പത്ര സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. രാജ്യം ക്രൈസ്തവവത്കരണത്തിന് ഇടയാകുമെന്ന ഭീതിയാണ് മുസ്ലിം മതനേതാക്കളുടെ സമ്മര്‍ദ്ധത്തിന് പിന്നിലുള്ള കാരണമായി വിലയിരുത്തപ്പെടുന്നത്.
അതേ സമയം വിഷയത്തില്‍ പ്രതികരണവുമായി ദജി ബോട്ടി ബിഷപ്പും അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററുമായ ബിഷപ്പ് ജിയോർജിയോ ബെർട്ടിൻ രംഗത്തെത്തിയിട്ടുണ്ട്. മുസ്ലിം രാഷ്ട്രമായ സൊമാലിയയിലെ ക്രൈസ്തവരുടെ സുരക്ഷയെ കരുതിയാണ് ദേവാലയമടച്ചതെന്ന് ദജി ബോട്ടി ബിഷപ്പും അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററുമായ ബിഷപ്പ് ജിയോർജിയോ ബെർട്ടിൻ പറഞ്ഞു.
സൊമാലിയയിൽ ക്രൈസ്തവ നിലനില്പ്പു തന്നെ ആശങ്കാജനകമാണ്. വളരെ രഹസ്യമായാണ് രാജ്യത്തു ക്രൈസ്തവർ തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിശുദ്ധ അന്തോണീസിന്റെ നാമധേയത്തിലുള്ള എഴുപതു വർഷത്തോളം പഴക്കമുള്ള ദേവാലയമാണ് ജൂലായ് 29 ന് മന്ത്രിമാരുടേയും മേലദ്ധ്യക്ഷന്മാരുടേയും നേതൃത്വത്തിൽ വീണ്ടും തുറന്നത്. തലസ്ഥാന നഗരിയിലെ ഷാബ് പ്രവശ്യയിലാണ് ദേവാലയം സ്ഥിതി ചെയ്യുന്നത്. പുതിയ പ്രതീക്ഷയുമായി നിലനിന്നിരിന്ന കത്തോലിക്ക വിശ്വാസികളെ നിരാശരാക്കി കൊണ്ടാണ് ദേവാലയം വീണ്ടു അടച്ചുപൂട്ടിയത്.