News - 2025
സിയാറലിയോണ്‍ ദുരന്തം: പ്രാര്‍ത്ഥനകള്‍ നേര്‍ന്ന് ഫ്രാന്‍സിസ് പാപ്പ
സ്വന്തം ലേഖകന്‍ 17-08-2017 - Thursday
വത്തിക്കാന്‍ സിറ്റി: ആഫ്രിക്കന്‍ രാജ്യമായ സിയാറലിയോണില്‍ പ്രളയവും മണ്ണിടിച്ചിലും മൂലം ഉണ്ടായ ദുരന്തത്തില്‍ ഫ്രാന്‍സിസ് പാപ്പ അതീവ ദുഃഖം രേഖപ്പെടുത്തി. ആഗസ്റ്റ് 14നു ഉണ്ടായ ദുരന്തത്തില്‍ അഞ്ഞൂറിലധികം പേരാണ് മരണപ്പെട്ടത്. ഇന്നലെ (ബുധനാഴ്ച) വത്തിക്കാനില്‍നിന്നും അയച്ച ടെലിഗ്രാം സന്ദേശത്തിലൂടെയാണ് മാര്‍പാപ്പ തന്റെ വേദനയും പ്രാര്‍ത്ഥനകളും സര്‍ക്കാരിനെയും ജനങ്ങളെയും അറിയിച്ചത്. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയട്രോ പരോളിന് വഴി ഫ്രീടൗണിന്റെ മെത്രാപ്പോലീത്ത, ബിഷപ്പ് ചാള്‍സ് താമ്പയ്ക്കാണ് മാര്‍പാപ്പാ അനുശോചന സന്ദേശം അയച്ചത്.
മരണമടഞ്ഞവരുടെ ആത്മാക്കള്‍ക്ക് നിത്യശാന്തി നേരുന്നതായും അവരുടെ ബന്ധുക്കളെ അനുശോചനം അറിയിക്കുന്നതായും പ്രാര്‍ത്ഥനകള്‍ നേരുന്നതായും സന്ദേശത്തില്‍ പറയുന്നു. ശക്തമായ മഴയെ അവഗണിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുന്ന സുരക്ഷാസേനയെയുംസന്നദ്ധസേവകരെയും തന്റെ ആത്മീയസാമീപ്യം അറിയിച്ചും അവര്‍ക്ക് അപ്പസ്തോലിക ആശീര്‍വ്വാദം നല്‍കികൊണ്ടാണ് ഫ്രാന്‍സിസ് പാപ്പ തന്റെ സന്ദേശം ചുരുക്കിയത്.
കനത്തമഴയെത്തുടർന്നു തിങ്കളാഴ്ചയാണ് സിയറാലിയോൺ തലസ്ഥാനമായ ഫ്രീടൗണിൽ ദുരന്തമുണ്ടായത്. അതേ സമയം ദുരന്തത്തില്‍ മരിച്ചവരില്‍ 100കുട്ടികളും ഉണ്ടെന്ന് ഉറപ്പായി. ദരിദ്രരാജ്യമായ സിയാറലിയോണിന്റെ ദുരന്തബാധിതർക്ക് സഹായം എത്തിക്കാൻ പ്രസിഡന്റ് കൊറോമാ അന്തർദേശീയ സമൂഹത്തോടു അഭ്യർഥിച്ചു.