News - 2024

ബാഴ്‌സലോണയിലെ കത്തീഡ്രല്‍ ദേവാലയം തകര്‍ക്കാന്‍ ഭീകരര്‍ പദ്ധതി തയാറാക്കിയിരിന്നുവെന്ന് വെളിപ്പെടുത്തല്‍

സ്വന്തം ലേഖകന്‍ 21-08-2017 - Monday

മാഡ്രിഡ്: ബാഴ്‌സലോണയിലും കാംബ്രില്‍സിലും ആക്രമണം നടത്തിയ ഭീകരസംഘം പ്രശസ്തമായ തിരുക്കുടുംബ (സെഗ്രഡ ഫാമിലിയ) ബസലിക്കയില്‍ ഉഗ്രസ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതി തയാറാക്കിയിരിന്നുവെന്ന് സ്പാനിഷ് മാധ്യമങ്ങള്‍. യുനെസ്‌കോ പൈതൃകപട്ടികയില്‍ ഉള്‍പ്പെടുന്നതാണ് ഈ ദേവാലയം. ഇതിനു ശേഖരിച്ച സ്‌ഫോടകവസ്തുക്കള്‍ അബദ്ധത്തില്‍ പൊട്ടിനശിച്ചതാണ് ഭീകരാക്രമണ പദ്ധതിയില്‍നിന്ന് ബസിലിക്കയുള്‍പ്പെടെയുള്ള ലക്ഷ്യങ്ങള്‍ ഭീകരര്‍ ഒഴിവാക്കിയതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.

തിരുകുടുംബ ദേവാലയം കാണാന്‍ ലക്ഷക്കണക്കിനു ടൂറിസ്റ്റുകളാണ് ഓരോ ദിവസവും എത്തുന്നത്. ഈ സാഹചര്യത്തിലാണ് ഭീകരര്‍ കത്തീഡ്രലും ലക്ഷ്യമിട്ടത്. കത്തീഡ്രല്‍ കൂടാതെ തുറമുഖത്തും ആക്രമണത്തിന് പദ്ധതി തയാറാക്കിയിരിന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. അതേ സമയം ബാഴ്‌സലോണയില്‍നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള അല്‍കനാറിലെ ഭീകരരുടെ ഒളിത്താവളത്തില്‍ ബോംബുനിര്‍മാണത്തിനായി സജ്ജീകരിച്ച ബുട്ടെയ്ന്‍ വാതകം നിറച്ച 120 കന്നാസുകള്‍ കണ്ടെത്തി.

സ്‌ഫോടകവസ്തുക്കള്‍ കത്തി നശിച്ച സാഹചര്യത്തില്‍ ലാസ് റാംബ്ലസില്‍ വാഹനം ഇടിച്ചുകയറ്റി അക്രമണം നടത്താന്‍ ഭീകരര്‍ നിര്‍ബന്ധിതരാകുകയായിരുന്നു. വ്യാഴാഴ്ച ബാഴ്‌സലോണയിലെ ലാസ് റാംബ്ലസില്‍ വാഹനം കാല്‍നടയാത്രക്കാരുടെ ഇടയിലേക്ക് ഓടിച്ചുകയറ്റി നടത്തിയ ആക്രമണത്തില്‍ 13 പേരും കാംബ്രില്‍സില്‍ നടത്തിയ ഭീകരാക്രമണത്തില്‍ ഒരു സ്ത്രീയും മരിച്ചിരിന്നു. ആക്രമണത്തില്‍ 120 പേര്‍ക്കാണ് പരിക്കേറ്റത്. ഐ‌എസ് ആണ് ആക്രമണം നടത്തിയത്.


Related Articles »