News - 2024

സുഡാനില്‍ ആഭ്യന്തരയുദ്ധത്തിനിരയായ പതിനായിരങ്ങള്‍ക്ക് ക്രൈസ്തവ ദേവാലയങ്ങള്‍ അഭയകേന്ദ്രമാകുന്നു

സ്വന്തം ലേഖകന്‍ 21-08-2017 - Monday

കാര്‍ട്ടോം: തെക്കന്‍ സുഡാനിലെ ആഭ്യന്തര യുദ്ധം രൂക്ഷമായ സാഹചര്യത്തില്‍ ആയിരകണക്കിന് ആളുകള്‍ക്ക് അഭയമൊരുക്കി കൊണ്ട് ക്രൈസ്തവ ദേവാലയങ്ങള്‍. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ വവൂ നഗരത്തിലെ സെന്റ്‌ മേരി ഹെല്‍പ്‌ ഓഫ് ക്രിസ്റ്റ്യന്‍സ് കത്തീഡ്രലില്‍ മാത്രം പതിനായിരത്തോളം ആളുകളാണ് അഭയം പ്രാപിച്ചിരിക്കുന്നത്. കലാപകാരികള്‍ ഇപ്പോഴും ദൈവത്തെ ഭയക്കുന്നുണ്ടെന്നും അതിനാല്‍ ദേവാലയങ്ങളില്‍ അഭയം പ്രാപിച്ചിരിക്കുന്ന സാധാരണക്കാര്‍ക്കെതിരെ അക്രമികള്‍ തിരിയില്ല എന്ന പ്രതീക്ഷയിലാണെന്നും കത്തീഡ്രല്‍ വികാരിയായ ഫാ. മോസസ് പീറ്റര്‍ പറഞ്ഞു.

അതേ സമയം അഭയം പ്രാപിക്കുന്നവരെ സ്വീകരിക്കുന്നുണ്ടെങ്കിലും അവര്‍ക്ക്‌ ആവശ്യമായ ഭക്ഷണത്തിന്റെ അപര്യാപ്തതയുണ്ടെന്നു സെന്റ്‌ മേരീസ്‌ കത്തീഡ്രല്‍ അധികാരികള്‍ വെളിപ്പെടുത്തി. മതിയായ സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തതയും ദേവാലയത്തിനുണ്ട്. അഴിമതിയും, നാണ്യപ്പെരുപ്പവും, കവര്‍ച്ചയുമാണ് ഭക്ഷ്യക്ഷാമത്തിന്റെ പ്രധാനകാരണമെന്ന പരാതിയും ആളുകള്‍ക്കുണ്ട്. തെക്കന്‍ സുഡാനിലെ ദേവാലയങ്ങളില്‍ അഭയം പ്രാപിച്ചിരിക്കുന്നവരുടെ നേര്‍ക്ക്‌ ലോകത്തിന്റെ ശ്രദ്ധപതിയുമെന്ന പ്രതീക്ഷയിലാണ് അഭയാര്‍ത്ഥികളില്‍ ഭൂരിഭാഗം പേരും കഴിയുന്നത്.

കഴിഞ്ഞ മൂന്നര വര്‍ഷക്കാലമായി തെക്കന്‍ സുഡാന്‍ കടുത്ത ആഭ്യന്തരയുദ്ധത്തിനാണ് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. പ്രസിഡന്റായ സല്‍വാ കിറിന്റെ അനുയായികളും മുന്‍ വൈസ്‌ പ്രസിഡന്റായ റെയിക്ക് മച്ചറിന്റെ അനുയായികളും തമ്മിലുള്ള ആഭ്യന്തരയുദ്ധം ഫലത്തില്‍ രാജ്യത്തെ രണ്ടായി വിഭജിച്ചിരിക്കുകയാണ്. ആഭ്യന്തരയുദ്ധം തുടങ്ങിയതിന് ശേഷം ഏതാണ്ട് നാല് ദശലക്ഷത്തോളം ജനങ്ങള്‍ രാജ്യം വിട്ടതായി കണക്കാക്കപ്പെടുന്നു. ഈ ആഴ്ചയില്‍ മാത്രം പത്തു ലക്ഷത്തോളം തെക്കന്‍ സുഡാനികളാണ് അയല്‍രാജ്യമായ ഉഗാണ്ടയില്‍ അഭയം പ്രാപിച്ചിരിക്കുന്നത്.


Related Articles »