News - 2025
മദ്ധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവരുടെ നിലനില്‍പ്പിനായി റഷ്യയും വത്തിക്കാനും ഒന്നിക്കുന്നു
സ്വന്തം ലേഖകന്‍ 24-08-2017 - Thursday
മോസ്ക്കോ: മദ്ധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവരുടെ അവകാശങ്ങള്‍ക്കായി പരിശ്രമിക്കുന്നതില്‍ റഷ്യന്‍ ഓര്‍ത്തഡോക്സ് സഭ വത്തിക്കാനോടു ചേര്‍ന്നു നില്‍ക്കുവാന്‍ ധാരണ. കഴിഞ്ഞ ദിവസം വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍ ഓര്‍ത്തഡോക്സ് സഭാതലവന്‍ പാത്രീയാര്‍ക്കീസ് കിറിലുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടയിലാണ് മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളില്‍ പീഡനമനുഭവിക്കുന്ന ക്രൈസ്തവരെ പറ്റി ചര്‍ച്ചയായത്. സിറിയയിലെ ക്രൈസ്തവരുടെ നിലനില്‍പ്പിനായി പ്രത്യേക പരിശ്രമം നടത്തുവാനും ധാരണയായിട്ടുണ്ട്.
സിറിയയിലെ അവസ്ഥയില്‍ മാറ്റമുണ്ടായെങ്കിലും ക്രൈസ്തവരുടെ സ്ഥിതിഗതികള്‍ ഇനിയും മെച്ചപ്പെട്ടിട്ടില്ലെന്നു കര്‍ദ്ദിനാള്‍ പരോളിന്‍ തുറന്നു പറഞ്ഞു. കൂടിക്കാഴ്ച ക്രിയാത്മകമായിരുന്നുവെന്നും യുക്രെയിനിലും സിറിയയിലും നടക്കുന്ന മത-രാഷ്ട്രീയ സംഘട്ടനങ്ങള്‍ കുറയ്ക്കാന്‍ ഇരുസഭകളും ഒന്നിക്കാനുള്ള ധാരണ കൈക്കൊണ്ടതായും സ്വകാര്യ വാര്‍ത്താ എജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ കര്‍ദ്ദിനാള്‍ പരോളിന്‍ വെളിപ്പെടുത്തി.
900 വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി വിശുദ്ധ നിക്കോളാസിന്റെ തിരുശേഷിപ്പ് റഷ്യയില്‍ എത്തിക്കാന്‍ വത്തിക്കാന്‍ കാണിച്ച തീക്ഷ്ണത ഇരുസഭകള്‍ തമ്മിലുള്ള ബന്ധങ്ങളെ കൂടുതല്‍ ഊട്ടിയുറപ്പിക്കുന്നതാണെന്ന് പാത്രീയാര്‍ക്കീസ് കിറില്‍ പറഞ്ഞു. വത്തിക്കാനും റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയും തമ്മില്‍ പുരോഗമിക്കുന്ന എക്യുമെനിക്കല്‍ ബന്ധങ്ങളെ പ്രശംസിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുഡിന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരിന്നു.