News - 2025

ദേശീയ മെത്രാന്‍ സമിതി നേതൃത്വം രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി

സ്വന്തം ലേഖകന്‍ 26-08-2017 - Saturday

ന്യൂഡൽഹി: ദേശീയ മെത്രാന്‍ സമിതി പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ നേതൃത്വത്തിലുള്ള സംഘം പുതിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദർശിച്ചു. രാഷ്ട്രപതി ഭവനത്തിലെത്തിയാണ് മെത്രാന്‍ സംഘം രാംനാഥ് കോവിന്ദുമായി കൂടികാഴ്ച നടത്തിയത്. രാജ്യത്തെ ദരിദ്രവിഭാഗങ്ങളുടെ ഉന്നമനത്തിനും ആത്മീയ വളർച്ചയ്ക്കുമായി കത്തോലിക്കാസഭ നടത്തിവരുന്ന നല്ല പ്രവർത്തനങ്ങൾ തുടരണമെന്ന് രാഷ്ട്രപതി മെത്രാന്‍സംഘത്തോട് അഭ്യർത്ഥിച്ചു.

വിവിധ മതങ്ങളും ഭാഷകളും സംസ്‌കാരങ്ങളും ചേർന്ന വൈവിധ്യമാണ് ഇന്ത്യയെ മഹത്തായ രാജ്യമാക്കുന്നതെന്നും രാജ്യഭരണത്തിന് രാഷ്ട്രീയസംവിധാനം ആവശ്യമാണെന്നും എന്നാലിത് വോട്ടു ബാങ്കുകളുടെ അടിസ്ഥാനത്തിൽ ആകരുതെന്നും രാഷ്ട്രപതി പറഞ്ഞു. രാഷ്ട്രപതിക്ക് കത്തോലിക്കാസഭയുടെ പൂര്‍ണ്ണ പിന്തുണയുമുണ്ടെന്ന് സി.ബി.സി.ഐ പ്രസിഡന്റ് കർദിനാൾ മാർ ക്ലീമിസ് ബാവ പറഞ്ഞു. ഭാരതത്തില്‍ ക്രൈസ്തവര്‍ ന്യൂനപക്ഷമാണെങ്കിലും രാജ്യത്തിനുവേണ്ടി സേവനം ചെയ്യുന്നതിൽ ക്രൈസ്തവര്‍ ഏറെ മുന്നിലാണെന്നും കർദ്ദിനാൾ ഓര്‍മ്മിപ്പിച്ചു.

കൂടിക്കാഴ്ച മദ്ധ്യേ യേശുക്രിസ്തുവിന്റെ തിരുഹൃദയ ചിത്രം രാഷ്ട്രപതിക്ക് കർദിനാൾ ഡോ. ടെലസ് ഫോർ ടോപ്പോ സമ്മാനിച്ചു. കർദ്ദിനാൾമാരായ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്, ഡോ. ടെലസ്‌ഫോർ ടോപ്പോ, സിബിസിഐ വൈസ് പ്രസിഡന്റ് ആർച്ച് ബിഷപ്പ് ഡോ. ഫിലിപ് നേരി ഫെരാവോ, ആർച്ച് ബിഷപ്പുമാരായ മാർ എബ്രഹാം വിരുത്തക്കുളങ്ങര, ഡോ. ആൽബർട്ട് ഡിസൂസ, ഡോ. അനിൽ കുട്ടോ, സെക്രട്ടറി ജനറൽ ബിഷപ്പ് ഡോ. തിയഡോർ മസ്കരനാസ് എന്നിവര്‍ സി‌ബി‌സി‌ഐ സംഘത്തിലുണ്ടായിരുന്നു.


Related Articles »