News

ചിലിയിലെ ചരിത്രപ്രാധാന്യമുള്ള ദേവാലയത്തിനു നേരെ ബോംബാക്രമണം

സ്വന്തം ലേഖകന്‍ 26-08-2017 - Saturday

സാന്റിയാഗോ: ചിലിയിലെ സാന്റിയാഗോയിലെ ചരിത്രപ്രാധാന്യമുള്ള നാഷണല്‍ ഗ്രാറ്റിറ്റ്യൂഡ് ദേവാലയത്തിനു നേരെ ‘തീബോംബ്‌’ ഉപയോഗിച്ച് ആക്രമണം. ഇക്കഴിഞ്ഞ ഓഗസ്റ്റ് 22-ന് വിശുദ്ധ കുര്‍ബ്ബാന കഴിഞ്ഞ് ഏതാനും മിനിറ്റുകള്‍ക്കുള്ളിലായിരിന്നു ആക്രമണം. മുഖം മറച്ച രണ്ട് ചെറുപ്പക്കാര്‍ ദേവാലയത്തിന്റെ മധ്യഭാഗത്തുള്ള കവാടത്തിലൂടെ പ്രവേശിച്ച് ജ്വലനത്തിനുവേണ്ട സംവിധാനത്തോട് കൂടിയ തീപിടിക്കുന്ന വാതകം നിറച്ച കുപ്പി വലിച്ചെറിയുകയായിരുന്നു. ദേവാലയത്തിനകത്തെ വാതിലുകള്‍ക്ക് നേരെയായിരുന്നു ആക്രമണം.

വൈദികനും ദേവാലയത്തിനടുത്തുള്ള അലാമേഡ സലേഷ്യന്‍ സ്കൂളിലെ മേല്‍നോട്ടക്കാരനും ഉടന്‍ തന്നെ തീഅണച്ചതു കൊണ്ട് വന്‍നാശനഷ്ടം ഒഴിവായി. സംഭവസ്ഥലത്തെത്തിയ പോലീസ് ദേവാലയവും പരിസരവും നിയന്ത്രണത്തിലാക്കി. ദേവാലയത്തിനു നേരെ ഇതിനുമുന്‍പും ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് സാന്റിയാഗോയിലെ സലേഷ്യന്‍ സഭാധികാരികള്‍ പറഞ്ഞു. 2016 ജൂണിലാണ് ദേവാലയത്തിനു നേരെ മുന്‍പ് ആക്രമണം ഉണ്ടായത്.

ഒരു വിദ്യാര്‍ത്ഥി പ്രകടനത്തിനു ശേഷം ദേവാലയത്തിലേക്ക് അതിക്രമിച്ച് കയറിയ മുഖംമൂടി ധരിച്ച അക്രമികള്‍ വലിയ ക്രൂശിതരൂപം നശിപ്പിക്കുകയാണ് അന്നു ചെയ്തത്. ചിലിയുടെ തന്നെ പ്രതീകമായ ചരിത്രപ്രാധാന്യമുള്ള ദേവാലയത്തിനു നേരെ നടക്കുന്ന നിന്ദ്യമായ ആക്രമണങ്ങളില്‍ സലേഷ്യന്‍ സഭ വേദന രേഖപ്പെടുത്തി. അക്രമത്തിന്റെ പാത ഉപേക്ഷിക്കണമെന്നും സലേഷ്യന്‍ സഭ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.


Related Articles »