News

‘ബ്ലാക്ക് മഡോണ’യുടെ മുന്നൂറാം വാര്‍ഷികത്തിന്റെ നിറവില്‍ പോളണ്ട്: പ്രത്യേക കറന്‍സി പുറത്തിറക്കി

സ്വന്തം ലേഖകന്‍ 28-08-2017 - Monday

വാര്‍സോ: പോളണ്ടിന്റെ സംരക്ഷകയെന്നറിയപ്പെടുന്ന 'ബ്ലാക്ക് മഡോണ' ചിത്രത്തിന്റെ കിരീടധാരണത്തിന്റെ മുന്നൂറാം വാര്‍ഷികാഘോഷത്തിന്റെ നിറവില്‍ രാജ്യം. ഇക്കഴിഞ്ഞ ശനിയാഴ്ച പോളണ്ടിന്റെ തെക്കന്‍ ഭാഗത്തെ സെസ്റ്റോച്ചോവായില്‍ വെച്ച് നടന്ന വിശുദ്ധ കുര്‍ബ്ബാനയില്‍ പ്രസിഡന്‍റ് ആന്‍ഡ്രസേജ് ഡൂഡ, പ്രധാനമന്ത്രി ബിയാറ്റാ സിഡ്ലോ, പോളിഷ് പാര്‍ലമെന്റിലെ ഇരുസഭകളിലേയും സ്പീക്കര്‍മാര്‍, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.

ബിഷപ്പുമാരും വൈദികരും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് വിശുദ്ധ കുര്‍ബ്ബാനയില്‍ സംബന്ധിച്ചത്. കിരീടധാരണത്തിന്റെ മുന്നൂറാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് മാതാവിന്റേയും, യേശുവിന്റേയും കിരീടങ്ങളുടെ ചിത്രങ്ങളോടുകൂടിയ പുതിയ 20-രൂപാ നോട്ടുകളും പോളണ്ട് പുറത്തിറക്കിയിട്ടുണ്ട്. ഏതാണ്ട് 55,000-ത്തോളം നോട്ടുകളാണ് ഇപ്പോള്‍ പുറത്തിറക്കിയിട്ടുള്ളത്. വിശുദ്ധ ലൂക്ക വരച്ചതായി കരുതപ്പെടുന്ന ബ്ലാക്ക് മഡോണ ചിത്രം 'ഔര്‍ ലേഡി ഓഫ് സെസ്റ്റോചോവ' എന്ന പേരിലും അറിയപ്പെടുന്നുണ്ട്.



1652-ല്‍ പോളണ്ടിന്റെ രാജാവായിരുന്ന ജോണ്‍ രണ്ടാമന്‍ കാസിമിര്‍ രാജ്യത്തിന്റെ രാജ്ഞിയായി ദൈവമാതാവിനെ പ്രഖ്യാപിക്കുകയും, ബ്ലാക്ക് മഡോണ രൂപത്തിന് പ്രത്യേക പ്രാധാന്യം നല്‍കുകയും ചെയ്തിരിന്നു. 1717 സെപ്റ്റംബര്‍ എട്ടാം തീയതി ക്ലെമന്റ് പതിനൊന്നാമന്‍ മാര്‍പാപ്പയാണ് മാതാവിന്റെ ചിത്രത്തെ കാനോനികമായ കിരീടധാരണത്തിലേക്ക് ഉയര്‍ത്തിയത്. റോമിന് പുറത്ത് ആദ്യമായി നടന്ന ആ ചടങ്ങില്‍ ഏതാണ്ട് 2,00,000-ത്തോളം വിശ്വാസികളാണ് അന്നു പങ്കെടുത്തത്.

സെസ്റ്റോചോവയിലെ 'ജസ്ന ഗോര' ആശ്രമത്തില്‍ സൂക്ഷിച്ചിരിക്കുന്ന നാലടി പൊക്കമുള്ള പരിശുദ്ധ കന്യകാമാതാവിന്റെ ചിത്രത്തെ രാജ്യം ഏറെ ആദരവോടെയാണ് ഇന്നും കാണുന്നത്. 'ബ്ലാക്ക് മഡോണ'യുടെ കിരീട ധാരണത്തിന്റെ 300-ാം വാര്‍ഷികം ആഘോഷിക്കുന്നതിന് ഇക്കഴിഞ്ഞ ജനുവരി മാസത്തില്‍ പോളണ്ട് പാര്‍ലമെന്റ് പ്രത്യേക പ്രമേയം തന്നെ പാസാക്കിയിരിന്നു. പോളണ്ടിന്റെ ആകെ ജനസംഖ്യയുടെ 94 ശതമാനവും കത്തോലിക്ക വിശ്വാസികളാണ്.


Related Articles »