India - 2025

എട്ടുനോമ്പു തിരുനാളിന് മണര്‍കാട് മര്‍ത്തമറിയം ദേവാലയം ഒരുങ്ങി

സ്വന്തം ലേഖകന്‍ 29-08-2017 - Tuesday

കോട്ടയം: പ്രശസ്ത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മണര്‍കാട് മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ എട്ടുനോമ്പാചരണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സെപ്റ്റംബര്‍ ഒന്നിനു രാവിലെ ഒന്പതിനു ഡോ. തോമസ് മാര്‍ തീമോത്തിയോസിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന നടക്കും. വൈകുന്നേരം നാലിനു കൊടിമരം ഉയര്‍ത്തുന്നതോടെ തിരുനാളിനു തുടക്കമാകും.

രണ്ടിനു രാവിലെ ഒന്പതിനു മൂന്നിന്മേല്‍ കുര്‍ബാനയ്ക്കു മാര്‍ക്കോസ് മോര്‍ ക്രിസോസ്റ്റമോസ് മുഖ്യകാര്‍മികത്വം വഹിക്കും. മൂന്നിനു രാവിലെ ഒന്പതിനു ഡോ. കുറിയാക്കോസ് മോര്‍ തെയോഫിലോസിന്റെ മുഖ്യകാര്‍മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബാന. തുടര്‍ന്നു പ്രസംഗം, ധ്യാനം. നാലിനു രാവിലെ ഒന്പതിനു കുറിയാക്കോസ് മോര്‍ സേവേറിയോസ് വലിയ മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മിത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബാന.

അഞ്ചിനു രാവിലെ ഒന്പതിനു ഗീവര്‍ഗീസ് മോര്‍ അത്താനാസിയോസ് മൂന്നിന്മേല്‍ കുര്‍ബാനയ്ക്കു നേതൃത്വം നല്‍കും. ഉച്ചകഴിഞ്ഞു രണ്ടിനു വിവിധ ആധ്യാത്മിക സംഘടനകളുടെ ആഭിമുഖ്യത്തിലുള്ള പൊതുസമ്മേളനം ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ഉദ്ഘാടനം ചെയ്യും. ഡോ. തോമസ് മാര്‍ തീമോത്തിയോസിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ മന്ത്രിമാരായ മാത്യു ടി. തോമസ്, ജെ. മേഴ്‌സിക്കുട്ടിയമ്മ, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എംഎല്‍എ, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്എു, ജോസ് കെ.മാണി എംപി തുടങ്ങിയവര്‍ പ്രസംഗിക്കും.

ആറിനു രാവിലെ ഒന്പതിനു ജോസഫ് മാര്‍ ഗ്രീഗോറിയോസിന്റെ മുഖ്യകാര്‍മികത്വത്തില്‍ അഞ്ചിന്മേല്‍ കുര്‍ബാന. ഉച്ചകഴിഞ്ഞു രണ്ടിനു പ്രശസ്തമായ റാസ. പതിനായിരത്തിലധികം മുത്തുക്കുടകളും 150ല്‍ അധികം പൊന്‍, വെള്ളി കുരിശുകളും ഇരുപതോളം വാദ്യമേള ഗ്രൂപ്പുകളും റാസയില്‍ അണിനിരക്കും. ഏഴിനു രാവിലെ ഒന്പതിനു ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ കാര്‍മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബാന. 11.30നു നടതുറക്കല്‍, രാത്രി പത്തിനു പ്രദക്ഷിണം.

എട്ടിനു രാവിലെ ഒന്പതിനു ഐസക് മോര്‍ ഒസ്താത്തിയോസിന്റെ മുഖ്യകാര്‍മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബാന, മൂന്നിനു നേര്‍ച്ച. ഒന്നു മുതല്‍ എട്ടുവരെ കരോട്ടെ പള്ളിയില്‍ രാവിലെ 6.30നു വിശുദ്ധ കുര്‍ബാന. നോമ്പു ആചരിക്കാന്‍ എത്തുന്നവര്‍ക്കു പ്രത്യേക വിശ്രമസ്ഥലങ്ങളും യാത്രാസൗകര്യവും ഒരുക്കിയിട്ടുണ്ട്. ആയിരകണക്കിനു വിശ്വാസികള്‍ തിരുനാളിന് ദേവാലയത്തിലെത്തുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.


Related Articles »