News - 2025

ഫ്രാന്‍സിസ് പാപ്പായുടെ ദക്ഷിണേഷ്യന്‍ സന്ദര്‍ശനം: ലോഗോ പ്രസിദ്ധീകരിച്ചു

സ്വന്തം ലേഖകന്‍ 29-08-2017 - Tuesday

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പായുടെ ദക്ഷിണേഷ്യന്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് ലോഗോയും ആപ്തവാക്യവും വത്തിക്കാന്‍ പുറത്തിറക്കി. 'ഐക്യവും സമാധാനവും' എന്നതാണ് ബംഗ്ലാദേശ് സന്ദര്‍ശനത്തിന്‍റെ പ്രമേയവാക്യം. ഇംഗ്ലീഷിലും ബംഗ്ലാ ഭാഷയിലും ഈ വാക്യം ലോഗോയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഫ്രാന്‍സിസ് പാപ്പായെ ഐക്യത്തിന്‍റെയും സമാധാനത്തിന്‍റെയും സ്ഥാനപതിയായും പാപ്പായുടെ സാന്നിധ്യത്തെ രാഷ്ട്രത്തിന്‍റെയും സഭയുടെും ആനന്ദത്തിന്‍റെ ആഘോഷമായും ലോഗോയില്‍ ചിത്രീകരിച്ചിട്ടുണ്ട്.

സമാധാനത്തിന്‍റെ പ്രതീകമായ പ്രാവിനെ, പച്ച-മഞ്ഞ-ചുവപ്പ് നിറങ്ങളില്‍ ആവിഷ്ക്കരിച്ചുകൊണ്ട് ആഘോഷത്തെയും കൂടാതെ ബംഗ്ലാദേശിന്‍റെയും വത്തിക്കാന്‍റെയും ദേശീയപതാകകളെയും സൂചിപ്പിക്കുന്നു. വര്‍ണങ്ങളുടെ ഏകോപനം, ബംഗ്ലാദേശും വത്തിക്കാനും തമ്മിലുള്ള തുടരുന്ന സൗഹൃദത്തെയാണ് സൂചിപ്പിക്കുന്നത്.

എഴുതുവാന്‍ ഉപയോഗിച്ചിരിക്കുന്ന നീലനിറം സമാധാനത്തിന്‍റെയും ബംഗ്ലാദേശിലെ തെളിഞ്ഞ നദീജലത്തിന്‍റെയും പ്രതീകമാണ്. ലോഗോയുടെ മധ്യഭാഗത്തായി കുരിശ് സ്ഥിതി ചെയ്യുന്നു. കുരിശിന്‍റെ ചുവട്ടിലെ ഷാപ്ള എന്ന ദേശീയപുഷ്പം സംസ്ക്കാരങ്ങളുടെയും മതങ്ങളുടെയും നാനാത്വത്തിലെ ഏകത്വത്തെയാണ് സൂചിപ്പിക്കുന്നത്. ഇത് രാജ്യത്തെ ന്യൂനപക്ഷമായ ക്രൈസ്തവരുടെ സജീവവിശ്വാസത്തെയും സൂചിപ്പിക്കുന്നുണ്ട്.

മ്യാന്‍മര്‍ സന്ദര്‍ശനത്തോടനുബന്ധിച്ചു തയ്യാറാക്കിയിരിക്കുന്ന ലോഗോ ക്രൈസ്തവ-ബുദ്ധമതങ്ങളുടെ കേന്ദ്രമായ സ്നേഹത്തെ പ്രതിനിധാനം ചെയ്യുന്നു. ഹൃദയാകൃതിയിലുള്ളതാണ് ലോഗോ. ഹൃദയാകൃതി കൊണ്ട് വലയം ചെയ്യുന്നതിന് ഉപയോഗിച്ചിരിക്കുന്ന റിബ്ബണുകളുടെ നിറങ്ങള്‍ മ്യാന്‍മറിന്‍റെയും വത്തിക്കാന്‍റെയും ദേശീയപതാകകളെയാണ് സൂചിപ്പിക്കുന്നത്. അതില്‍ സമാധാനത്തിന്‍റെ വെള്ളരിപ്രാവിനെ പറത്തുന്ന പാപ്പായും വിവിധ വര്‍ണങ്ങളില്‍ മ്യാന്‍മറിന്‍റെ ഭൂപടവും ചിത്രീകരിച്ചിരിട്ടുണ്ട്. സ്നേഹവും സമാധാനവും എന്ന പ്രമേയവാക്യവും ലോഗോയില്‍ കുറിച്ചിട്ടുണ്ട്.

ഇന്നലെയാണ് ഫ്രാന്‍സിസ് പാപ്പയുടെ മ്യാന്‍മര്‍- ബംഗ്ലാദേശ് സന്ദര്‍ശനം വത്തിക്കാന്‍ സ്ഥിരീകരിച്ചത്. മ്യാന്‍മറില്‍ നവംബര്‍ 27 മുതല്‍ 30 വരെ തീയതികളിലും ബംഗ്ലാദേശില്‍ നവംബര്‍ 30 മുതല്‍ ഡിസംബര്‍ രണ്ടു വരെ തീയതികളിലുമാണ് മാര്‍പാപ്പ അപ്പസ്തോലിക സന്ദര്‍ശനം നടത്തുന്നത്. മ്യാന്‍മറില്‍ പീഡനം അനുഭവിക്കുന്ന രോഹിംഗ്യ മുസ്‌ലിംകളുടെ വിഷയം അന്താരാഷ്ട്ര സമൂഹത്തിലെത്തിക്കുന്നതിനു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനം സഹായകമാകുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.


Related Articles »