News - 2025
കത്തോലിക്ക വിശ്വാസിയായതില്‍ അഭിമാനിക്കുന്നു: പ്രശസ്ത ടെലിവിഷന്‍ അവതാരിക റോസന്ന സ്കോട്ടോ
സ്വന്തം ലേഖകന്‍ 01-09-2017 - Friday
ന്യൂയോര്‍ക്ക്: കത്തോലിക്ക വിശ്വാസിയായതില്‍ താന്‍ അഭിമാനം കൊള്ളുന്നുവെന്ന് അമേരിക്കയിലെ പ്രശസ്ത ടെലിവിഷന്‍ അവതാരകയായ റോസന്ന സ്കോട്ടോ. കത്തോലിക്കാ സ്കൂളുകളും സ്ഥാപനങ്ങളും സമൂഹത്തിനു നല്‍കുന്ന സംഭാവനകളെ പ്രശംസിക്കുവാനും റോസന്ന മറന്നില്ല. ബ്രൂക്ലിന്‍ രൂപതയുടെ ന്യു ഇവാഞ്ചലൈസേഷന്‍ ടെലിവിഷന് (NET) നല്‍കിയ അഭിമുഖത്തിലാണ് കത്തോലിക്കാ സഭയോടും, കത്തോലിക്കാ വിദ്യാലയങ്ങളോടുമുള്ള തന്റെ സ്നേഹവും ബഹുമാനവും സ്കോട്ടോ പ്രകടിപ്പിച്ചത്.
കത്തോലിക്കാ വിശ്വാസത്തില്‍ താന്‍ ശക്തമായി വിശ്വസിക്കുന്നു. ബ്രൂക്ളിനിലെ വിസിറ്റേഷന്‍ അക്കാദമിയും, അമേരിക്കയിലെ കത്തോലിക്കാ സര്‍വ്വകലാശാലയുമാണ് തന്റെ കത്തോലിക്കാ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനം. കടുത്ത സമ്മര്‍ദ്ധമുള്ള മിനിസ്ക്രീന്‍ ലോകത്ത് പിടിച്ചു നില്‍ക്കുന്നതിന് തനിക്ക് ശക്തി പകരുന്നത് തന്റെ കത്തോലിക്കാ വിദ്യാഭ്യാസമാണ്. അതിനാലാണ് താന്‍ തന്റെ കുട്ടികളേയും കത്തോലിക്കാ സ്കൂളുകളില്‍ ചേര്‍ത്തത്. ഒരു നല്ല വിദ്യാഭ്യാസം ലഭിക്കുക മാത്രമല്ല അത് പകര്‍ന്നു നല്‍കുന്നതും പ്രധാനപ്പെട്ട കാര്യമാണ്.
കത്തോലിക്കാ സ്കൂളുകള്‍ സേവനവും പഠനത്തിന്റെ ഭാഗമാക്കിയിരിക്കുന്നു. ധാര്‍മ്മികതയും, മൂല്യങ്ങളും വിദ്യാഭ്യാസത്തിന്റെ ഭാഗമായിരിക്കണം. കത്തോലിക്കാ സ്കൂളുകളില്‍ ഇവയുണ്ടെന്നും റോസന്ന പറഞ്ഞു. ന്യൂയോര്‍ക്കിലെ ജനപ്രീതിയാര്‍ജ്ജിച്ച ‘ഗുഡ് ഡേ ന്യൂയോര്‍ക്ക്’ എന്ന ടെലിവിഷന്‍ പരിപാടിയുടെ അവതാരിക കൂടിയാണ് റോസന്ന സ്കോട്ടോ. ഇറ്റാലിയന്‍-അമേരിക്കന്‍ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന റോസന്ന, റുഗ്ഗിയെരോ എന്ന അഭിഭാഷകനെയാണ് വിവാഹം ചെയ്തിരിക്കുന്നത്. രണ്ട് മക്കളുമായി സ്കോട്ടിന്റെ കുടുംബം ന്യൂയോര്‍ക്കിലാണ് കഴിയുന്നത്.