News - 2024

ദേശീയ പ്രാര്‍ത്ഥനാദിനത്തിന് ആഹ്വാനം നല്‍കികൊണ്ട് ട്രംപ് ഭരണകൂടം

സ്വന്തം ലേഖകന്‍ 02-09-2017 - Saturday

വാഷിംഗ്ടണ്‍: ഹാര്‍വി ചുഴലിക്കാറ്റിനിരയായവര്‍ക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുവാന്‍ സെപ്റ്റംബര്‍ 3 ഞായറാഴ്ച ദേശീയ പ്രാര്‍ത്ഥനാദിനമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. പ്രഖ്യാപന ചടങ്ങില്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും ചടങ്ങില്‍ സന്നിഹിതനായിരുന്നു. അമേരിക്കന്‍ റെഡ്ക്രോസ്സ്, സാല്‍വേഷന്‍ ആര്‍മി, സതേണ്‍ ബാപ്റ്റിസ്റ്റ് ഡിസാസ്റ്റര്‍ റിലീഫ് തുടങ്ങിയ സംഘടനകളുടെ നേതാക്കളുടെ സാന്നിധ്യത്തില്‍ ഇന്നലെ ഓവല്‍ ഓഫീസില്‍ വെച്ചായിരുന്നു പ്രഖ്യാപനം.

‘നമ്മുടെ രാജ്യത്തിന്റെ ആരംഭം മുതല്‍, ദൈവത്തിന്റെ സഹായം അപേക്ഷിക്കേണ്ട അത്യാവശ്യ ഘട്ടങ്ങളില്‍ നമ്മള്‍ ഒന്നായിരുന്നിട്ടുണ്ട്. ടെക്സാസിലേക്കും, ലൂസിയാനയിലേക്കും നോക്കുമ്പോള്‍ എണ്ണമറ്റ അമേരിക്കക്കാരുടെ സേവനസന്നദ്ധത നമുക്ക് കാണുവാന്‍ കഴിയും. ദുരന്തപൂര്‍ണ്ണമായ ഈ സമയത്ത് സ്വന്തം കുടുംബാംഗങ്ങളേയോ, സുഹൃത്തുക്കളേയോ നഷ്ടപ്പെട്ടവര്‍ക്കായി ഞങ്ങള്‍ക്കൊപ്പം പ്രാര്‍ത്ഥിക്കുവാന്‍ മുഴുവന്‍ അമേരിക്കക്കാരേയും ക്ഷണിക്കുന്നു’. പ്രസിഡന്റിന്റെ പ്രഖ്യാപന സന്ദേശത്തില്‍ പറയുന്നു. ഡാളസിലെ പ്രഥമ ബാപ്റ്റിസ്റ്റ് ചര്‍ച്ചിന്റെ പാസ്റ്ററായ ഡോ. ജെയിംസ് ജെഫ്രെസിന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനയും പ്രഖ്യാപനത്തോടൊപ്പം നടന്നു.

ആഴ്ചയുടെ ആരംഭത്തില്‍ പ്രസിഡന്റും, പ്രഥമ വനിത മെലാനിയ ട്രംപും കോര്‍പ്പസ് ക്രിസ്റ്റി, ഓസ്റ്റിന്‍ തുടങ്ങിയ ദുരിതബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. സ്ഥിതിഗതികള്‍ വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തില്‍ രണ്ടാമതും സന്ദര്‍ശനത്തിനുള്ള തയ്യാറെടുപ്പിലാണവര്‍. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടക്ക് അമേരിക്കക്ക് നേരിടേണ്ടി വന്ന ഏറ്റവും ശക്തമായ പ്രകൃതി ദുരന്തത്തില്‍ ഇതുവരെ ഏതാണ്ട് 46-ഓളം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും മരണനിരക്ക് ഇനിയും ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്.


Related Articles »