News - 2025
കൊല്ലപ്പെട്ട കാമറൂണ്‍ ബിഷപ്പിന്റെ കല്ലറയ്ക്കു നേരെയും ആക്രമണം
സ്വന്തം ലേഖകന്‍ 04-09-2017 - Monday
യോൺഡേ: കാമറൂണില്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട ബാഫിയ രൂപത ബിഷപ്പ് ജീൻ മേരി ബെനോയിറ്റ് ബല്ലായുടെ കല്ലറയ്ക്കു നേരെയും ആക്രമണം. ബാഫിയയിലെ കത്തീഡ്രല്‍ പള്ളിയില്‍ കബറടക്കിയിരിക്കുന്ന ബിഷപ്പിന്റെ കല്ലറക്ക് നേരെ നടന്ന ആക്രമണം പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റി നടത്തുന്ന 'എജന്‍സിയാ ഫിഡ്സ്' എന്ന മാധ്യമമാണ് പുറംലോകത്തെ അറിയിച്ചത്. ദേവാലയത്തില്‍ രക്തം വീണുകിടപ്പുണ്ടെന്നതു ശ്രദ്ധേയമാണ്. ഈ സാഹചര്യം പരിഗണിച്ചു ആരാധനക്രമസംബന്ധമായ നിയമം പ്രകാരം കത്തീഡ്രല്‍ താല്ക്കാലികമായി അടച്ചിട്ടു. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.
നേരത്തെ മെയ് 31 ന് കാണാതായ ബിഷപ്പിന്റെ മൃതശരീരം ജൂൺ രണ്ടിന് യോൺഡേയിലെ സനാഗ നദിയിലാണ് കണ്ടെത്തിയത്. പ്രഥമ നിരീക്ഷണത്തിൽ ബിഷപ്പ് ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസ് അനുമാനിച്ചിരിന്നത്. പിന്നീട് ബിഷപ്പിന്റെ മരണത്തില്‍ കൊലപാതക സാധ്യതകൾ കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണം ശക്തമാക്കിയിരിന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മുങ്ങി മരിച്ചതിന്റെ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലായിരിന്നു. ശരീരത്തില്‍ കഠിനമായ മര്‍ദ്ദനമേറ്റതിന്‍റെ തെളിവുകളാണ് കൊലപാതക സൂചനകളിലേക്ക് നയിച്ചത്.