News - 2025
ക്രിസ്ത്യന്‍ ദേവാലയ നിര്‍മ്മാണം: ഈജിപ്തില്‍ പുതിയ നിയമ വ്യവസ്ഥ പ്രാബല്യത്തില്‍ വരുത്തണമെന്ന ആവശ്യം ശക്തം
സ്വന്തം ലേഖകന്‍ 09-09-2017 - Saturday
കെയ്റോ: ഈജിപ്തില്‍ ക്രിസ്ത്യന്‍ ദേവാലയ നിര്‍മ്മാണത്തെ സംബന്ധിച്ച പുതിയ നിയമ വ്യവസ്ഥകള്‍ ഉടന്‍തന്നെ പ്രാബല്യത്തില്‍ വരുത്തണമെന്ന ആവശ്യം ശക്തമാകുന്നു. ഇതുസംബന്ധിച്ച നടപടികള്‍ ഊര്‍ജ്ജിതമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഈജിപ്തിലെ അര്‍ബന്‍ പ്ലാനിംഗ് കമ്മിറ്റി അംഗമായ മൊഹമ്മദ് ഫൗവാദ് പ്രധാനമന്ത്രി ഷെരീഫ് ഇസ്മായിലിന് നിവേദനം നല്‍കി. ഈജിപ്തിലെ പല പ്രദേശങ്ങളിലും ക്രിസ്ത്യന്‍ ദേവാലയ നിര്‍മ്മാണവുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങള്‍ സാധാരണമായതോടെയാണ് ഈ നിയമനിര്‍മ്മാണത്തിന് കളമൊരുങ്ങിയത്.
നീണ്ട പാര്‍ലമെന്ററി നടപടികള്‍ക്ക് ശേഷം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 30-നാണ് ഈജിപ്ത്യന്‍ പാര്‍ലമെന്റ് ദേവാലയങ്ങളുടെ നിര്‍മ്മാണം സംബന്ധിച്ച പുതിയ നിയമത്തിന് അംഗീകാരം നല്‍കിയത്. എന്നാല്‍ ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ല. മുസ്ലീംങ്ങളെ അപേക്ഷിച്ച് ഈജിപ്തിലെ ക്രിസ്ത്യാനികള്‍ക്ക് ഒരു ദേവാലയം നിര്‍മ്മിക്കണമെങ്കില്‍ നിരവധി നിബന്ധനകളാണുള്ളത്. പുതിയ നിയമമനുസരിച്ച്, പുതിയ ഒരു ദേവാലയം നിര്‍മ്മിക്കുന്നതിന് വേണ്ടിയുള്ള അപേക്ഷ ഏതെങ്കിലും ക്രിസ്ത്യന്‍ സമുദായം നല്‍കികഴിഞ്ഞാല്‍ നാലു മാസങ്ങള്‍ക്കുള്ളില്‍ പ്രൊവിന്‍ഷ്യല്‍ ഗവര്‍ണര്‍ ആ അപേക്ഷയിന്‍മേല്‍ നടപടികള്‍ കൈകൊള്ളേണ്ടതാണ്.
ഈ അപേക്ഷ നിരസിക്കപ്പെട്ടാല്‍ ക്രൈസ്തവ സമൂഹത്തിനു അഡ്മിനിസ്ട്രേറ്റീവ് കോടതികളില്‍ അപ്പീലിന് പോകാവുന്നതാണ്. ദേവാലയത്തിന്റെ വലുപ്പം ക്രൈസ്തവ വിശ്വാസികളുടെ എണ്ണത്തിനു ആനുപാതികമായിരിക്കണമെന്നും നിയമത്തില്‍ പറയുന്നു. എന്നാല്‍ ഈജിപ്തിലെ പ്രധാന ക്രിസ്ത്യന്‍ വിഭാഗമായ കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭയുടെ പിന്തുണ ഈ നിയമത്തിനു ലഭിച്ചുവെങ്കിലും, ഇതുസംബന്ധിച്ച വ്യവസ്ഥകള്‍ പ്രസിദ്ധീകരിക്കാത്തതിനാല്‍ ആശയകുഴപ്പം തുടരുകയാണ്. അതേസമയം നിയമം പ്രാബല്യത്തില്‍ കൊണ്ടുവരണമെന്ന ആവശ്യവും ശക്തമാണ്.