India - 2025

പ്രഥമ മാര്‍ ജോസഫ് കുണ്ടുകുളം അവാര്‍ഡ് സിസ്റ്റര്‍ സുധ വര്‍ഗീസിന്

സ്വന്തം ലേഖകന്‍ 11-09-2017 - Monday

തൃശൂര്‍: മാര്‍ ജോസഫ് കുണ്ടുകുളത്തിന്റെ നാമധേയത്തില്‍ രാജ്യത്തെ മികച്ച ജീവകാരുണ്യ പ്രവര്‍ത്തകന് ഏര്‍പ്പെടുത്തിയ പ്രഥമ ദേശീയ അവാര്‍ഡ് പത്മശ്രീ സിസ്റ്റര്‍ സുധ വര്‍ഗീസിനു. ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്താണു അവാര്‍ഡ് പ്രഖ്യാപിച്ചത്. മാര്‍ ജോസഫ് കുണ്ടുകുളം ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയതാണ് ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ്.

ബിഹാറിലും ഉത്തര്‍പ്രദേശിലും തൊട്ടുകൂടാത്തവരും മൃഗതുല്യരുമായി ജീവിക്കുന്ന മുസാഹര്‍ എന്ന ദളിത് വിഭാഗക്കാരുടെ ഉന്നമനത്തിനു ജീവകാരുണ്യ സേവനം നയിക്കുന്ന സന്യാസിനിയാണു പത്മശ്രീ സിസ്റ്റര്‍ സുധ വര്‍ഗീസ്. ഈ മാസം 23നു ശനിയാഴ്ച തൃശൂര്‍ ഡി.ബി.സി.എല്‍.സി ഹാളില്‍ നടക്കുന്ന മാര്‍ ജോസഫ് കുണ്ടുകുളം ജന്മശതാബ്ദി സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡ് സമ്മാനിക്കും.

ജന്മശതാബ്ദി ആഘോഷത്തിനു മുന്നോടിയായി 17ന് ഉച്ചയ്ക്കു രണ്ടിനു തൃശൂര്‍ സെന്റ് തോമസ് കോളജിലെ മെഡ്ലിക്കോട്ട് ഹാളില്‍ അനുസ്മരണ സെമിനാര്‍ നടക്കും. തൃശൂര്‍ അതിരൂപതയുടെ നിയുക്ത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ ഉദ്ഘാടനം ചെയ്യും. അതിരൂപതയുടെ കീഴിലുള്ള പാവങ്ങളെ സംരക്ഷിക്കുന്ന സ്ഥാപനങ്ങളില്‍ കരുണയുടെ തണലൊരുക്കിയാണു മാര്‍ കുണ്ടുകുളത്തിന്റെ ജന്മശതാബ്ദി ആഘോഷിക്കുന്നതെന്നു തൃശൂര്‍ അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

'മാര്‍ കുണ്ടുകുളം സഭയുടെ കാരുണ്യത്തിന്റെ മുഖം' എന്ന വിഷയം റവ.ഡോ. പോള്‍ തേലക്കാട്ടും 'മാര്‍ കുണ്ടുകുളത്തിന്റെ സാമൂഹ്യദര്‍ശനം' എന്ന വിഷയം ഡോ. പി.വി. കൃഷ്ണന്‍ നായരും അവതരിപ്പിക്കും. മാര്‍ അപ്രേം മെത്രാപ്പോലീത്ത സമാപന സന്ദേശം നല്‍കും. ജന്മശതാബ്ദിയുടെ ഭാഗമായി 23ന് ഡിബിസിഎല്‍സി ഹാളില്‍ രാവിലെ പത്തിനു സമൂഹബലി അര്‍പ്പിക്കും. ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യകാര്‍മികനാകും.

ആര്‍ച്ച്ബിഷപ് എമരിറ്റസ് മാര്‍ ജേക്കബ് തൂങ്കുഴി, മെത്രാന്മാരായ മാര്‍ പോള്‍ ചിറ്റിലപ്പിള്ളി, മാര്‍ ജോസഫ് പാസ്റ്റര്‍ നീലങ്കാവില്‍, ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, രാമനാഥപുരം ബിഷപ് മാര്‍ പോള്‍ ആലപ്പാട്ട്, ജലന്തര്‍ ബിഷപ് ഡോ.ഫ്രാങ്കോ മുളയ്ക്കല്‍, അദിലാബാദ് ബിഷപ് മാര്‍ പ്രിന്‍സ് പാണേങ്ങാടന്‍, സിഎംഐ ദേവമാതാ പ്രോവിന്‍ഷ്യല്‍ ഫാ. വാള്‍ട്ടര്‍ തേലപ്പിള്ളി, വികാരി ജനറാള്‍ മോണ്‍. ജോര്‍ജ് കോന്പാറ തുടങ്ങിയവര്‍ സഹകാര്‍മികരാകും.

തുടര്‍ന്നു 11നു ജന്മശതാബ്ദി സമ്മേളനം നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും. ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷതവഹിക്കും. മെത്രാന്മാര്‍ക്കു പുറമേ, മന്ത്രിമാരായ എ.സി. മൊയ്തീന്‍, വി.എസ്. സുനില്‍കുമാര്‍, സി. രവീന്ദ്രനാഥ്, സി.എന്‍. ജയദേവന്‍ എംപി, കെ. മുരളീധരന്‍ എംഎല്‍എ, തൃശൂര്‍ മേയര്‍ അജിത ജയരാജന്‍, തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ തുടങ്ങിയവര്‍ സന്ദേശം നല്‍കും. അനുസ്മരണ വിരുന്നും ഒരുക്കിയിട്ടുണ്ട്.


Related Articles »