News - 2025

ആരാധനക്രമത്തിന്റെ പാരമ്പര്യത്തിന് വേണ്ടി നിലകൊള്ളുന്ന പുതുതലമുറയെ അഭിനന്ദിച്ച് കര്‍ദ്ദിനാള്‍ സാറ

സ്വന്തം ലേഖകന്‍ 16-09-2017 - Saturday

ഇറ്റലി: ആരാധനക്രമത്തിന്റെ പഴമയുടെ പാരമ്പര്യത്തിന് വേണ്ടി നിലകൊള്ളുന്ന കത്തോലിക്കാ യുവതീയുവാക്കളെ അഭിനന്ദിച്ച് വത്തിക്കാൻ ആരാധനാ സമിതിയുടെ അധ്യക്ഷൻ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ. ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ അപ്പസ്തോലിക ലേഖനമായ ‘സുമ്മോറം പൊന്തിഫിക്ക’മിനെക്കുറിച്ച് സെന്റ്‌ തോമസ്‌ പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റിയില്‍ വെച്ച് നടന്ന അഞ്ചാമത്തെ സമ്മേളനത്തിനിടക്ക് നടത്തിയ പ്രഭാഷണത്തിലാണ് അദ്ദേഹം പുതുതലമുറയിലെ പാരമ്പര്യവാദികളെ പ്രശംസിച്ചത്. പുതുതലമുറയിലെ പാരമ്പര്യവാദികളുടെ ആത്മാര്‍ത്ഥതയേയും, ഭക്തിയേയും സാക്ഷ്യപ്പെടുത്തുവാന്‍ തനിക്ക് കഴിയുമെന്നാണ് അദ്ദേഹം പറഞ്ഞത്.

പുതുതലമുറയിലെ പാരമ്പര്യവാദികളെപ്പോലെ മറ്റുള്ള കത്തോലിക്കര്‍ തങ്ങളുടെ മനസ്സും, ഹൃദയവും തുറക്കണം. ഈ ആധുനിക യുഗത്തിലും യേശുവില്‍ ജീവിക്കുന്നതിന്റെ ആനന്ദം കണ്ടെത്തിയവരാണ് പുതുതലമുറയില്‍പ്പെട്ട പാരമ്പര്യവാദികള്‍. സര്‍വ്വശക്തനായ ദൈവമാണ് നമ്മളെ ഇതിനായി വിളിച്ചിരിക്കുന്നത്. നമ്മുടെ ആരാധനക്രമത്തിന്റെ പാരമ്പര്യത്തെ ആര്‍ക്കും തട്ടിയെടുക്കാനാവില്ല.

പഴയ ലത്തീന്‍ക്രമത്തിലുള്ള കുര്‍ബാനയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കര്‍ദ്ദിനാള്‍ ഓര്‍മ്മിപ്പിച്ചു. പഴയകാലത്ത് കുര്‍ബാനക്കിടക്ക് പുരോഹിതര്‍ കാനോനിക ചട്ടങ്ങള്‍ വിവരിക്കുന്ന രീതി വീണ്ടും കൊണ്ടുവരുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. ഗിനിയക്കാരനായ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ 2014 മുതല്‍ സഭയുടെ ആരാധനക്രമ തിരുസംഘത്തിന്റെ തലവനാണ്.


Related Articles »