News
മാർപാപ്പയുടെ സന്ദർശനത്തിനു ഒരുക്കങ്ങളുമായി ബംഗ്ലാദേശ്
സ്വന്തം ലേഖകന്‍ 18-09-2017 - Monday
ധാക്ക: സമാധാനത്തിന്റെ ദൂതുമായി എത്തുന്ന ഫ്രാന്‍സിസ് പാപ്പയെ സ്വീകരിക്കാൻ ബംഗ്ലാദേശില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. നവംബർ 30 മുതൽ ഡിസംബർ രണ്ടു വരെയാണ് ബംഗ്ലാദേശിലെ ഫ്രാൻസിസ് പാപ്പയുടെ സന്ദർശനം. മതനേതാക്കന്മാരെ കൂടാതെ രാഷ്ട്രീയ നേതാക്കന്മാരും മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും. മാര്‍പാപ്പയുടെ അപ്പസ്തോലിക സന്ദര്‍ശനത്തിനുള്ള ഒരുക്കങ്ങൾ ഏകോപിപ്പിക്കാനായി ബംഗ്ലാദേശ് സഭാ പ്രതിനിധികൾ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച സമ്മേളനത്തിൽ 45 നേതാക്കന്മാർ പങ്കെടുത്തു.
അതേസമയം ഫ്രാൻസിസ് പാപ്പയുമായി സംവദിക്കുന്നതിന് വിവിധ മതസ്ഥരെ ഉൾപ്പെടുത്തി പത്ത് ഉപവിഭാഗങ്ങളെ ബംഗ്ലാദേശ് സഭ തെരഞ്ഞെടുത്തു. പാപ്പയുടെ സന്ദർശനത്തോടനുബന്ധിച്ച് സഹായ വാഗ്ദാനങ്ങളും പിന്തുണയുമായി വിവിധ സംസ്ഥാനങ്ങളിലെ ഭരണാധികാരികള്‍ രംഗത്തുണ്ട്. മാര്‍പാപ്പയുടെ സന്ദര്‍ശനത്തിന് മുന്നൊരുക്കമായി നടത്തിയ യോഗത്തില്‍ ധാക്ക ആർച്ച് ബിഷപ്പും ബംഗ്ലാദേശ് കത്തോലിക്ക മെത്രാൻ സമിതി പ്രസിഡന്റുമായ കർദിനാൾ പാട്രിക് ഡി. റൊസാരിയോ നേതാക്കന്മാരെ അഭിസംബോധന ചെയ്തു.
എല്ലാ വിശ്വാസികളും മാർപാപ്പയുടെ സന്ദർശന പരിപാടികളിൽ പങ്കെടുക്കണമെന്ന് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന ആവശ്യപ്പെട്ടതായി ചരിത്രകാരനും പ്രധാനമന്ത്രിയുടെ അന്താരാഷ്ട്ര ഉപദേശകനുമായ ഗോഹർ റിസ്വി പറഞ്ഞു. ഫ്രാൻസിസ് പാപ്പയുടെ വ്യക്തിത്വം ശ്രേഷ്മാണെന്നും അദ്ദേഹത്തിന്റെ സന്ദർശനവും സന്ദേശവും മാധ്യമങ്ങളിലൂടെ ജനങ്ങൾക്ക് ലഭ്യമാക്കണമെന്നും ബംഗ്ലാദേശ് ക്രിസ്ത്യൻ അസോസ്സിയേഷൻ പ്രസിഡൻറ് നിർമ്മൽ റോസാരിയോ അഭിപ്രായപ്പെട്ടു. മാർപാപ്പ ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ പരസ്പര ബഹുമാനം വളർത്താന്‍ ഇടവരുത്തട്ടെയെന്ന് ഡോ.കമൽ ഹൊസൈൻ പറഞ്ഞു.
സമാധാനത്തിന്റെ വക്താവായ മാർപാപ്പയെ സ്വീകരിക്കുന്നതിന്റെ സന്തോഷം രാഷ്ട്രീയ പ്രവർത്തകനും നിയമവക്താവുമായ ഹൊസൈൻ സില്ലുർ റഹ്മാനും ബംഗ്ലാദേശ് നാഷ്ണലിസ്റ്റ് പാർട്ടിയംഗമായ അബ്ദുൾ മൊയീൻ ഖാനും പ്രകടിപ്പിച്ചു. മാർപാപ്പയെ സ്വീകരിക്കുന്നതിന്റെ സന്തോഷവും സന്നദ്ധതയും ബംഗ്ലാദേശ് ആംഗ്ലിക്കൻ സഭാ ബിഷപ്പ് പോൾ ഷിഷിർ ഇതിനോടകം അറിയിച്ചിട്ടുണ്ട്.
സ്ത്രീകളുടെ ഉന്നമനവും സുരക്ഷയും മാർപ്പാപ്പയെ പോലെ സ്വാധീനശക്തരായ നേതാക്കന്മാർക്ക് പ്രാബല്യത്തിൽ വരുത്താനാകുമെന്നു സര്‍ക്കാര്‍ ഉപദേശകയായ റഷേദ കെ. ചൗദരി പറഞ്ഞു. മുസ്ലിം ഭൂരിപക്ഷ രാജ്യമായ ബംഗ്ലാദേശില്‍ 160 മില്യണ്‍ ആളുകളാണ് വസിക്കുന്നത്. ഇതില്‍ 3,80,000പേര്‍ മാത്രമാണ് കത്തോലിക്ക വിശ്വാസികള്‍.