News

ഭ്രൂണഹത്യക്കെതിരെ 3,28,348 കുട്ടിക്കാലുറകളുമായി അമേരിക്കന്‍ വിദ്യാര്‍ത്ഥി സംഘടന

സ്വന്തം ലേഖകന്‍ 20-09-2017 - Wednesday

വാഷിംഗ്ടണ്‍: ഭ്രൂണഹത്യയേയും, അതുമായി ബന്ധപ്പെട്ട അവയവ കച്ചവടത്തേയും തുറന്നുക്കാട്ടുന്നതിനായി ശ്രദ്ധേയമായ പര്യടനവുമായി അമേരിക്കന്‍ പ്രോലൈഫ് വിദ്യാര്‍ത്ഥി സംഘടന. കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ പ്ലാന്‍ഡ് പാരന്റ്ഹുഡ് വഴി അബോര്‍ഷന് ഇരയായ ഭ്രൂണങ്ങളുടെ സംഖ്യയായ 3,28,348 ചെറിയ കാലുറകളുമായാണ് ഭ്രൂണഹത്യയ്ക്കെതിരെ സംഘം ട്രക്കില്‍ ദേശീയ പര്യടനം നടത്തുന്നത്. 1988-ല്‍ സ്ഥാപിതമായ സ്റ്റുഡന്റ്സ് ഫോര്‍ ലൈഫ് ഓഫ് അമേരിക്ക (SFLA) എന്ന വിദ്യാര്‍ത്ഥി സംഘടന ഭ്രൂണഹത്യ, ദയാവധം തുടങ്ങിയ നരഹത്യകള്‍ക്കെതിരെ അമേരിക്കന്‍ കാമ്പസ്സുകളില്‍ നിരന്തരം ശബ്ദമുയര്‍ത്തിക്കൊണ്ടിരിക്കുന്ന ഒരു കൂട്ടായ്മയാണ്.

സംഘടനാ വെബ്സൈറ്റില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് വാഷിംഗ്‌ടണ്‍ ഡി.സി യില്‍ നിന്നുമാരംഭിക്കുന്ന പര്യടനം നിരവധി സംസ്ഥാനങ്ങളും, ഏതാണ്ട് 90-ലധികം കോളേജ് കാമ്പസുകളും സന്ദര്‍ശിക്കും. നികുതിപ്പണം കൊണ്ട് നടത്തുന്ന ഏറ്റവും വലിയ വഞ്ചനയാണ് പ്ലാന്‍ഡ് പാരന്റ്ഹുഡെന്നു സംഘടനാ പ്രസിഡന്റായ ക്രിസ്റ്റന്‍ ഹോകിന്‍സ് പറഞ്ഞു. അബോര്‍ഷന് വിധേയമാക്കപ്പെട്ട കുട്ടികളുടെ ശരീരാവയവങ്ങള്‍ ലാഭം മോഹിച്ച് വില്‍ക്കപ്പെടുന്നുണ്ടെന്നും, ഇതിനെ തടയുവാന്‍ അമേരിക്കന്‍ കോണ്‍ഗ്രസിനു കഴിയുന്നില്ലെന്നും ഭ്രൂണ കച്ചവടത്തെ തടയുമെന്ന വാഗ്ദാനം അമേരിക്കന്‍ കോണ്‍ഗ്രസ്സ് പാലിക്കണമെന്നും ഹോകിന്‍സ് ആവശ്യപ്പെട്ടു.

പ്രത്യുല്‍പാദന നിയന്ത്രണം വഴി ആരോഗ്യം സംരക്ഷിക്കുക എന്ന ആശയവുമായി പ്രവര്‍ത്തിച്ചിരുന്ന അമേരിക്കന്‍ ബെര്‍ത്ത്‌ കണ്ട്രോള്‍ ലീഗ് എന്ന സംഘടനയാണ് പിന്നീട് പെരുമാറ്റി ‘പ്ലാന്‍ഡ് പാരന്റ്ഹൂഡ്’ ആയി പ്രവര്‍ത്തിക്കുന്നത്. ഭ്രൂണഹത്യയാണ് ഇവരുടെ പ്രധാന കര്‍മ്മപരിപാടി. ഇവര്‍ക്ക് ഏതാണ്ട് 500 ദശലക്ഷം യു‌എസ് ഡോളര്‍ ധനസഹായം ലഭിക്കുന്നുണ്ട്. ഇത് തടയുവാനുള്ള പദ്ധതിയും സ്റ്റുഡന്റ്സ് ഫോര്‍ ലൈഫ് ഓഫ് അമേരിക്ക സംഘടനയ്ക്കുണ്ടെന്ന് ഹോക്കിന്‍സ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മാത്രം അമേരിക്കയില്‍ 3,28,348 ജീവനുകളാണ് ഗര്‍ഭാവസ്ഥയില്‍ നശിപ്പിക്കപ്പെട്ടത്. കണക്കുകള്‍ ലഭിച്ചതിനെ തുടര്‍ന്നു കഴിഞ്ഞ ഒരുവര്‍ഷമായി ഇത്രയധികം ചെറിയ കാലുറകള്‍ സമാഹരിക്കുന്നതിനുള്ള കര്‍മ്മപരിപാടിയിലായിരുന്നു എസ്‌എഫ്‌എല്‍‌എ. പര്യടനം അനേകരുടെ കണ്ണുതുറപ്പിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. തങ്ങളുടെ പോരാട്ടം ഇതുകൊണ്ടവസാനിക്കുന്നില്ലെന്നും ജീവന്റെ മഹത്വം ലോകത്തോട് എന്നും പ്രഘോഷിക്കുമെന്നും എക്സിക്യുട്ടീവ്‌ വൈസ് പ്രസിഡന്റായ ടീനാ വിറ്റിംഗ്ടണ്‍ പറഞ്ഞു.


Related Articles »