India
മാര്‍ ജോസഫ് കുണ്ടുകുളത്തിന്റെ സ്മരണയില്‍ തൃശ്ശൂര്‍ അതിരൂപത
സ്വന്തം ലേഖകന്‍ 24-09-2017 - Sunday
തൃശൂര്‍: അനേകം സാമൂഹ്യക്ഷേമ പദ്ധതികള്‍ക്കു നേതൃത്വം നല്‍കിയ തൃശൂര്‍ അതിരൂപതയുടെ പ്രഥമ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് കുണ്ടുകുളത്തിന്റെ ജന്മശതാബ്ദി കൊണ്ടാടി. സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മനുഷ്യസ്‌നേഹം കടലോളമുള്ളവര്‍ക്കേ സമൂഹം ഒറ്റപ്പെടുത്തിയ എയ്ഡ്‌സ് രോഗികള്‍ ഉള്‍പ്പെടെയുള്ളവരെ സംരക്ഷിക്കാന്‍ കഴിയൂവെന്നും മാര്‍ ജോസഫ് കുണ്ടുകുളവും തൃശൂര്‍ അതിരൂപതയും ചെയ്തത് അതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്പിക്കുന്ന നിയമങ്ങള്‍മൂലം അനാഥശാലകള്‍ നടത്തിക്കൊണ്ടു പോകാന്‍ കഴിയാത്ത അവസ്ഥയാണുള്ളതെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. സമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തവേയാണ് ഇക്കാര്യം മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും ശ്രദ്ധയില്‍പെടുത്തിയത്. മാര്‍ കുണ്ടുകുളം ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ലക്ഷം രൂപയുടെ ദേശീയ അവാര്‍ഡ് ബിഹാറില്‍ ജീവകാരുണ്യ ശുശ്രൂഷ നയിക്കുന്ന 'നാരി ഗുഞ്ചന്‍' സ്ഥാപക പദ്മശ്രീ സിസ്റ്റര്‍ സുധ വര്‍ഗീസിനു മുഖ്യമന്ത്രി സമ്മാനിച്ചു.
ജന്മശതാബ്ദി സമ്മേളനത്തിന്റെ ഭാഗമായി രാവിലെ നടന്ന സമൂഹബലിക്ക് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യകാര്‍മികനായി.
തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍, ആര്‍ച്ച്ബിഷപ് എമെരിറ്റസ് മാര്‍ ജേക്കബ് തൂങ്കുഴി, മാര്‍ പോള്‍ ചിറ്റിലപ്പിള്ളി, മാര്‍ ജോസഫ് പാസ്റ്റര്‍ നീലങ്കാവില്‍, ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, രാമനാഥപുരം ബിഷപ് മാര്‍ പോള്‍ ആലപ്പാട്ട്, ജലന്തര്‍ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കല്‍, അദിലാബാദ് ബിഷപ് മാര്‍ പ്രിന്‍സ് പാണേങ്ങാടന്‍, കോട്ടപ്പുറം ബിഷപ് ഡോ. ജോസഫ് കാരിക്കശേരി, തലശേരി രൂപത നിയുക്ത സഹായ മെത്രാന്‍ മോണ്‍. ജോസഫ് പാംപ്ലാനി, തൃശൂര്‍ അതിരൂപത നിയുക്ത സഹായമെത്രാന്‍ മോണ്‍. ടോണി നീലങ്കാവില്‍, സിഎംഐ ദേവമാതാ പ്രോവിന്‍ഷ്യല്‍ ഫാ. വാള്‍ട്ടര്‍ തേലപ്പിള്ളി സിഎംഐ തുടങ്ങിയവര്‍ സമൂഹബലിയിലും സമ്മേളനത്തിലും പങ്കെടുത്തു.
പൊതുസമ്മേളനത്തില്‍ മന്ത്രിമാരായ എ.സി. മൊയ്തീന്‍, വി.എസ്. സുനില്‍കുമാര്‍, സി. രവീന്ദ്രനാഥ്, മാര്‍ അപ്രേം മെത്രാപ്പോലീത്ത, എംഎല്‍എമാരായ കെ. രാജന്‍, അനില്‍ അക്കര, തൃശൂര്‍ മേയര്‍ അജിത ജയരാജന്‍, ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി, തൃശൂര്‍ അതിരൂപത വികാരി ജനറാള്‍മാരായ മോണ്‍. തോമസ് കാക്കശേരി, മോണ്‍. ജോര്‍ജ് കോമ്പാറ, അതിരൂപത പ്രിസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഫാ. ജോസ് കോനിക്കര, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. മേരി റെജീന, പോപ്പ് പോള്‍ മേഴ്‌സി ഹോം പ്രിന്‍സിപ്പല്‍ ഫാ. ജോജു ആളൂര്‍, എസ്എന്‍ഡിഎസ് സൂപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ചിന്നമ്മ കുന്നക്കാട്ട്, ഏകോപനസമിതി സെക്രട്ടറി എ.എ. ആന്റണി തുടങ്ങിയവര്‍ പ്രസംഗിച്ചു.
ദീപിക തൃശൂര്‍ ബ്യൂറോ ചീഫ് ഫ്രാങ്കോ ലൂയിസ് മാര്‍ കുണ്ടുകുളത്തെക്കുറിച്ചു തയാറാക്കിയ 'പാവങ്ങള്‍ക്കൊപ്പം', ഡോ. റോസി തമ്പി തയാറാക്കിയ 'ഇടയന്‍' എന്നീ ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിച്ചു. മാര്‍ കുണ്ടുകുളം രൂപം നല്‍കിയ സാംസ്‌കാരിക പ്രസ്ഥാനമായ കലാസദന്‍ ദിവ്യബലിയിലും സമ്മേളനത്തിലും പ്രാര്‍ഥനാഗാനങ്ങള്‍ ആലപിച്ചു. വൈദികര്‍, സന്യാസ സമൂഹങ്ങളുടെ സുപ്പീരിയര്‍മാര്‍, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍, ഇടവക പ്രതിനിധികള്‍, സ്ഥാപന മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
![](/images/close.png)