India - 2024

ഫാ. ടോമിന് കര്‍ണ്ണാടക ഊഷ്മളമായ വരവേൽപ്പു നൽകി

സ്വന്തം ലേഖകന്‍ 29-09-2017 - Friday

ബംഗളൂരു: ഡല്‍ഹിയിൽനിന്ന് ബെംഗളൂരുവിലെത്തിയ ഫാ. ടോം ഉഴുന്നാലിലിന് സർക്കാർ പ്രതിനിധികളും സലേഷ്യന്‍ സഭാംഗങ്ങളും ഊഷ്മളമായ വരവേൽപ്പു നൽകി. സർക്കാരിനെ പ്രതിനിധീകരിച്ച് നഗരവികസന മന്ത്രിയും മലയാളിയുമായ കെ.ജെ. ജോർജ് ബം​​​ഗ​​​ളൂ​​​രു കെംപഗൗഡ അന്താരാഷ്ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ​​​ത്തിയിരിന്നു. തലപ്പാവും മാലയും ബൊക്കയുമായി വന്‍സ്വീകരണമാണ് ഫാ. ടോമിനായി ഒരുക്കിയത്. സര്‍വ്വശക്തനായ ദൈവത്തോടും പ്രാര്‍ത്ഥിച്ച എല്ലാവരോടും നന്ദിപറയുന്നുവെന്ന് ഫാ. ടോം പറഞ്ഞു.

കേരളാ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി.സി. തോമസ്, ബംഗളൂരു അതിരൂപതാ വികാരി ജനറാള്‍ മോണ്‍. ജയനാഥന്‍, രാമപുരം ആക്ഷന്‍ കൗണ്‍സില്‍ അധ്യക്ഷന്‍ ജോണ്‍ കച്ചിറമറ്റം എന്നിവരും ഫാ. ടോമിനെ സ്വീകരിക്കാന്‍ എത്തിയിരുന്നു. കൂക്ക്ടൗണ്‍ മില്‍ട്ടണ്‍ സ്ട്രീറ്റിലുള്ള പ്രൊവിന്‍ഷ്യല്‍ ഹൗസിലേക്കാണ് ഫാ. ടോം ആദ്യം പോയത്.

വൈകുന്നേരം 5.30നു ബംഗളൂരു മ്യൂസിയം റോഡിലെ ഗുഡ്‌ഷെപ്പേര്‍ഡ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന കൃതജ്ഞതാ പ്രാര്‍ത്ഥനയിലും പൊതുസമ്മേളനത്തിലും ഫാ. ടോം പങ്കെടുക്കും. കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും മറ്റ് മന്ത്രിമാരും രാഷ്ട്രീയ, സാമൂഹ്യനേതാക്കളും സമ്മേളനത്തിനുണ്ടാകും. നാളെ രാവിലെ 9.30നു പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ ഫാ. ഉഴുന്നാലില്‍ അര്‍പ്പിക്കുന്ന കൃതജ്ഞതാ ദിവ്യബലിയില്‍ കര്‍ണ്ണാടകയിലെ മുഴുവന്‍ ഡോണ്‍ ബോസ്‌കോ ഭവനങ്ങളിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും അംഗങ്ങള്‍ പങ്കെടുക്കും. സഭാംഗങ്ങളുമായി ഫാ. ടോം അനുഭവങ്ങള്‍ പങ്കുവയ്ക്കും. ഉച്ചകഴിഞ്ഞു പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്യും. ഞായറാഴ്ചയാണു അദ്ദേഹം കേരളത്തിലേക്കു പോകുന്നത്.


Related Articles »