News - 2024

ക്രൈസ്തവ വിശ്വാസം സ്വീകരിച്ച പാക്കിസ്ഥാനി യുവതിയ്ക്ക് വധഭീഷണി

സ്വന്തം ലേഖകന്‍ 01-10-2017 - Sunday

ലാഹോർ: പാക്കിസ്ഥാനില്‍ ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച മുസ്ളിം യുവതിയ്ക്കും കുടുംബത്തിനും വധഭീഷണി. എമ്മാനുവേല്‍ ഗില്‍ എന്ന വ്യക്തിയുടെ ജീവിതപങ്കാളിയ്ക്ക് നേരെയാണ് ഇസ്ലാമിക വിശ്വാസികളുടെ ഭീഷണി. ഗര്‍ഭിണിയായ യുവതിയ്ക്ക് നേരെ കടുത്ത വെല്ലുവിളികളുമായാണ് ഇവര്‍ രംഗത്തെത്തിയിരിക്കുന്നത്. ഏജൻസി ഫിഡ്സ് എന്ന മാധ്യമമാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. യുവതിയുടെ കുടുംബം തന്നെ ഇല്ലാതാക്കാനാണ് ശ്രമമെന്ന് പാക്കിസ്ഥാനി ക്രൈസ്തവരുടെ അവകാശ സംരക്ഷണത്തിനായി പോരാടുന്ന നിയമജ്ഞൻ സർദാർ മുഷ്തഖ് ഗിൽ പറഞ്ഞു.

ക്രൈസ്തവനെ വിവാഹം ചെയ്യുകയും അദ്ദേഹത്തിന്റെ വിശ്വാസം സ്വീകരിക്കുകയും ചെയ്ത യുവതി തിരികെ ഇസ്ലാമിലേക്ക് വരണമെന്നാണ് ഭീഷണിപ്പെടുത്തുന്നവരുടെ ആവശ്യം. മതസ്വാതന്ത്ര്യം ഭരണഘടനാപരമായി പൗരന്റെ അവകാശമാണെന്ന് സർദാർ മുഷ്തഖ് ഗിൽ വ്യക്തമാക്കി. അസഹിഷ്ണുതയാണ് ഇത്തരം വൈരാഗ്യബുദ്ധിയ്ക്ക് പിന്നില്‍. ക്രിസ്തുവിന് മാത്രമേ സഹനങ്ങളെ അതിജീവിക്കാനുള്ള ശക്തി നൽകാനാകൂ. ദൈവകൃപയാൽ ഹൃദയം പ്രകാശിതമാക്കുമ്പോൾ ശരിയായ തീരുമാനം എടുക്കാനാകും.

ഗവൺമന്റ് അവർക്ക് ആവശ്യമായ സുരക്ഷ ഒരുക്കണം. വിവാഹമെന്ന കൂദാശയെ എതിര്‍പ്പിന്റെ സ്വരം ഉയര്‍ത്തുന്നവര്‍ അംഗീകരിക്കണമെന്നും ഗിൽ പറഞ്ഞു. നിലവില്‍ ഇസ്ലാം മതം വിശ്വാസം ത്യജിക്കുന്നവരെ അതിക്രൂരമായി മര്‍ദ്ദനത്തിന് ഇരയാക്കുകയും വധിക്കുകയും ചെയ്യുന്ന കാഴ്ചയാണ് പാക്കിസ്ഥാനിലേത്. ഇസ്ലാം വിശ്വാസം ഉപേക്ഷിക്കുന്നത് ദൈവനിന്ദയായിട്ടാണ് പാക്കിസ്ഥാനിൽ കണക്കാക്കപ്പെടുന്നത്.


Related Articles »