News - 2025

സലേഷ്യന്‍ സഭാംഗമായ ടിറ്റസ് സെമാനെ വാഴ്ത്തപ്പട്ടവനായി പ്രഖ്യാപിച്ചു

സ്വന്തം ലേഖകന്‍ 02-10-2017 - Monday

ബ്രാറ്റിസ്ലാവ: കമ്മ്യൂണിസ്റ്റാധിപത്യകാലത്ത് മതപരമായ നിരോധങ്ങള്‍ ഉണ്ടായ സമയത്ത് തടവറയിലടക്കപ്പെട്ടു മരണം ഏറ്റുവാങ്ങിയ സലേഷ്യന്‍ സഭാംഗമായ വൈദികന്‍ ഫാ. ടിറ്റസ് സെമാനെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തി. ശനിയാഴ്ച (30/09/17) സ്ലോവാക്യയുടെ തലസ്ഥാനമായ ബ്രാറ്റിസ്ലാവയില്‍ ആണ് തിരുകര്‍മ്മങ്ങള്‍ നടന്നത്. ഫ്രാന്‍സിസ് പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട് വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള തിരുസംഘത്തിന്‍റെ തലവന്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ അമാട്ടോ തിരുക്കര്‍മ്മത്തില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.

1915 ജനുവരി 4 ന് ബ്രാറ്റിസ്ലാവയില്‍ ആയിരുന്നു ടിറ്റസ് സെമാന്‍റെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം സലേഷ്യന്‍ സമൂഹത്തില്‍ ചേര്‍ന്ന അദ്ദേഹം 1940 ല്‍ ഇറ്റലിയിലെ ടൂറിനില്‍ വെച്ചാണ് പൗരോഹിത്യം സ്വീകരിച്ചത്. കമ്മ്യൂണിസ്റ്റ് ആധിപത്യകാലത്ത് മതപരമായ നിരോധങ്ങള്‍ ഉണ്ടായസമയത്താണ് അദ്ദേഹത്തിന് പ്രത്യേക ദൗത്യം ലഭിച്ചത്. അന്നത്തെ ചെക്കസ്ലോവാക്യയില്‍നിന്ന് സലേഷ്യന്‍ സെമിനാരിക്കാരെ പഠനം പൂര്‍ത്തിയാക്കുന്നതിന് ടൂറിനിലേക്കു കൊണ്ടുവരികയെന്നതായിരിന്നു ദൗത്യം. അതിസാഹസികമായി അധികാരികളുടെ കണ്ണുവെട്ടിച്ച് രണ്ട് തവണ സെമിനാരിക്കാരെ അദ്ദേഹം ടൂറിനില്‍ എത്തിച്ചു. 1951-ല്‍ അദ്ദേഹം നടത്തിയ ശ്രമത്തിനിടെ പിടിക്കപ്പെട്ടു.

9മാസത്തോളം അദ്ദേഹം കടുത്ത മര്‍ദ്ദനത്തിന് ഇരയായി. തുടര്‍ന്നും നീതി നിഷേധിക്കപ്പെട്ട അദ്ദേഹത്തിന് 12 വര്‍ഷം തടവില്‍ കഴിയേണ്ടി വന്നു. തടവറയിലെ ദുരിതപൂര്‍ണ്ണമായ ജീവിതം അദ്ദേഹത്തിന്റെ ആരോഗ്യം പൂര്‍ണ്ണമായും ക്ഷയിപ്പിച്ചു. 1969 ജനുവരി 8 ന് തന്റെ അന്‍പതിനാലാമത്തെ വയസ്സിലാണ് അദ്ദേഹം മരണമടഞ്ഞത്. 2010-ല്‍ ബനഡിക്ട് പതിനാറാമന്‍ പാപ്പയുടെ കാലത്താണ് നാമകരണ നടപടികള്‍ക്ക് ആരംഭം കുറിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി 27നു ഫ്രാന്‍സിസ് പാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തുന്നതിന് അനുമതി നല്‍കുകയായിരിന്നു.


Related Articles »