ഭീകരവാദം ഈ പ്രദേശത്തിന്റെ സവിശേഷതകളെ നശിപ്പിക്കുകയാണ്. സുരക്ഷിതമായി ഇറാഖിലേക്ക് തിരികെവരുവാനുള്ള അവകാശവും, മതസ്വാതന്ത്ര്യവും ക്രിസ്ത്യാനികള്‍ക്ക് ഉണ്ട്. എല്ലാത്തിനുമുപരിയായി, പൂര്‍ണ്ണ പൗരന്‍മാരായി അംഗീകരിക്കപ്പെടുവാനുള്ള അവകാശവും അവര്‍ക്കുണ്ടെന്ന് കര്‍ദ്ദിനാള്‍ പറഞ്ഞു. എസിഎന്നിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുവാനും കര്‍ദ്ദിനാള്‍ പിയട്രോ മറന്നില്ല.
ബാഗ്ദാദിലെ കല്‍ദായന്‍ പാത്രിയാര്‍ക്കീസ് ലൂയീസ് സാകോ, മൊസൂളിലെ സിറിയന്‍ കത്തോലിക്കാ മെത്രാപ്പോലീത്ത യൗഹാന്ന ബൗട്രോസ് മോശെ, മൊസൂളിലെ സിറിയന്‍ ഓര്‍ത്തഡോക്സ് മെത്രാപ്പോലീത്ത നിക്കോദേമൂസ് ദൌദ് ഷറഫ് എന്നിവരും കോണ്‍ഫറന്‍സില്‍ സന്നിഹിതരായിരിന്നു.
അതേസമയം ‘സ്വന്തം വേരുകളിലേക്ക് മടങ്ങി വരൂ’ എന്ന പ്രചാരണപരിപാടിയുടെ ഭാഗമായി 250 ദശലക്ഷത്തോളം യുഎസ് ഡോളര്‍ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ് സംഘടന സമാഹരിച്ചു കഴിഞ്ഞു. ഇറാഖില്‍ നിന്നും പലായനം ചെയ്ത ക്രിസ്ത്യാനികളുടെ 13,000-ത്തോളം വീടുകളുടെ പുനരുദ്ധാരണത്തിനായിരിക്കും ഈ തുക ചിലവഴിക്കുക.
News
ഇറാഖി ക്രിസ്ത്യാനികള്‍ മതന്യൂനപക്ഷമായിരിക്കുവാന്‍ ആഗ്രഹിക്കുന്നില്ല: വത്തിക്കാന്‍
സ്വന്തം ലേഖകന്‍ 03-10-2017 - Tuesday
റോം: ഇറാഖിലെ ക്രിസ്ത്യാനികള്‍ മതന്യൂനപക്ഷമായിരിക്കുവാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍. രാജ്യത്തു ക്രൈസ്തവര്‍ക്ക് പൂര്‍ണ്ണ പൗരത്വവും അവകാശങ്ങളും ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 28 വ്യാഴാഴ്ച അന്താരാഷ്ട്ര കത്തോലിക്കാ സന്നദ്ധ സംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡിന്റെ ആഭിമുഖ്യത്തില്‍ റോമില്‍ സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാഖിലെ നിനവേ മേഖലയിലെ ക്രിസ്ത്യാനികളുടെ തിരിച്ചുവരവാണ് സഭയുടെ പ്രധാന ലക്ഷ്യമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.
2014-ല്‍ ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ആധിപത്യം സ്ഥാപിച്ചതിനെത്തുടര്‍ന്ന്‍ ഏതാണ്ട് 1,00,000-ത്തോളം ക്രിസ്ത്യാനികള്‍ നിനവേ മേഖലയില്‍ നിന്നും പലായനം ചെയ്യുകയോ, പുറത്താക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. ഇവരില്‍ 60,000-ത്തോളം പേര്‍ സിറിയന്‍ കത്തോലിക്കരാണ്. വിവിധ സംസ്കാരങ്ങളുടെ വിളനിലമായ പശ്ചിമേഷ്യയിലെ സമാധാനത്തിനും സുസ്ഥിരതക്കും ക്രിസ്ത്യാനികളുടെ സാന്നിദ്ധ്യം ആവശ്യമാണ്. നൂറ്റാണ്ടുകളായി ക്രിസ്ത്യാനികളും, മുസ്ലീംങ്ങളും, ജൂതരും സഹവര്‍ത്തിത്വത്തോടെ താമസിച്ചു വരുന്ന മേഖലയാണിത്.