News - 2025
കൊളംബിയയില്‍ വൈദികൻ വെടിയേറ്റ് കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍ 05-10-2017 - Thursday
ബൊഗോട്ട: കൊളംബിയയിലെ സാൻ ആന്റോണിയോയുടെ സമീപ പ്രദേശമായ റിയോൺർഗോയിൽ കത്തോലിക്ക വൈദികന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. ഗിരാർഡോറ്റ രൂപതാ വൈദികനായ ഫാ. ഏബലാർഡോ അന്തോണിയോ മുനോസ് സാൻഷേസാണ് വധിക്കപ്പെട്ടത്. ല സെജോയിലേക്കുള്ള പ്രധാന വീഥിയിലാണ് നാൽപത്തിയൊന്നുകാരനായ വൈദികനെ മോഷണ സംഘം കൊലപ്പെടുത്തിയത്. പത്തു വർഷത്തോളമായി ഗിരാർഡോറ്റ രൂപതയിൽ സേവനമനുഷ്ഠിക്കുന്ന ഫാ.ഡോൺ ഏബലാർഡോ, അന്‍റിയോക്യ സിസ്നേറോസ് ഇടവകയില്‍ ശുശ്രൂഷയാരംഭിച്ച് ഏതാനും മാസങ്ങൾക്കുള്ളിലാണ് സംഭവം.
ഒക്ടോബർ 3 ചൊവ്വാഴ്ച പതിനൊന്ന് മണിയോടെയാണ് വൈദികൻ ആക്രമിക്കപ്പെട്ടതെന്ന്‍ അന്‍റിയോക്യ ഡെപ്യൂട്ടി പോലീസ് കമാഡർ കേണൽ ജാവീർ മോറാലസ് കർദിനാസ് പറഞ്ഞു. ടാക്സിയിൽ നിന്നും പുറത്തിറങ്ങിയ വൈദികനെ സ്കൂട്ടറിലെത്തിയ ആക്രമികൾ തോക്ക് ചൂണ്ടി പേഴ്സ് ആവശ്യപ്പെട്ടു. ഇത് വിസമ്മതിച്ചതിനെ തുടർന്ന് വൈദികനു നേരെ അക്രമികള്‍ വെടിവെക്കുകയായിരിന്നു. പോലീസ് കുറ്റവാളികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
വൈദികന്റെ മൃതസംസ്കാരം റിയോ നീഗ്രോ കത്തീഡ്രലിൽ വച്ച് ഇന്ന് നടത്തുമെന്ന്‍ ഗിരാർഡോറ്റ ബിഷപ്പ് മോൺ. ഗിലർമോ ഓറോസ്കോ മോൺടോ പറഞ്ഞു. വൈദികന്റെ ആത്മശാന്തിയ്ക്കായി നടത്തുന്ന പ്രാർത്ഥനാ ശുശ്രൂഷയിൽ വിശ്വാസികളെല്ലാം പങ്കെടുക്കണമെന്നു ഗിരാർഡോറ്റ രൂപതാധികൃതർ അഭ്യര്‍ത്ഥിച്ചു. ഫ്രാൻസിസ് മാർപ്പാപ്പയുടെ കൊളബിയൻ സന്ദർശനം കഴിഞ്ഞ് ഒരു മാസം തികയുംമുന്‍പാണ് ലാറ്റിൻ അമേരിക്കൻ രാഷ്ട്രമായ കൊളബിയയില്‍ സംഭവം അരങ്ങേറിയത്. ഏതാനും മാസങ്ങൾക്കു മുൻപ് അന്‍റിയോക്യയിൽ വച്ച് മറ്റൊരു വൈദികന്‍ മിഷൻ പ്രവർത്തനങ്ങൾക്കിടയിൽ കൊല്ലപ്പെട്ടിരിന്നു.