News

ഇറ്റാലിയന്‍ വൈദികന്‍ ജുസേപ്പെ അന്തോണിയോ വാഴ്ത്തപ്പെട്ട പദവിയില്‍

സ്വന്തം ലേഖകന്‍ 08-10-2017 - Sunday

മിലാന്‍: സമാശ്വാസനാഥയായ പരിശുദ്ധ കന്യകാമറിയത്തിന്‍റെ സന്യാസിനിസമൂഹത്തിന്‍റെ സ്ഥാപകനായ ധന്യന്‍ ജുസേപ്പെ അന്തോണിയോ മീജില്യാവാക്കയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ഇന്നലെ ( 07/10/2017) ഇറ്റലിയിലെ മിലാന്‍ അതിരൂപതയുടെ ഭദ്രാസന ദേവാലയത്തിലാണ് വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം നടന്നത്. ഫ്രാന്‍സിസ് പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട് വിശുദ്ധരു‌ടെ നാമകരണ നടപടികള്‍ക്കായുള്ള തിരുസംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ അമാട്ടോ തിരുക്കര്‍മ്മത്തില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.

ജുസേപ്പെ അന്തോണിയൊ സന്യസ്ഥ സമൂഹത്തിനു അഭിമാനിക്കാവുന്ന ഒരു വൈദികനായിരിന്നുവെന്നും അദ്ദേഹം സ്ഥാപിച്ച സഭ രാജ്യത്തു മാത്രം ഒതുങ്ങാതെ ചൈനയിലും ഐവറികോസ്റ്റിലും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും വ്യാപിച്ചുയെന്നും കര്‍ദ്ദിനാള്‍ ആഞ്ചലോ പറഞ്ഞു. മിലാന്‍ ആര്‍ച്ച് ബിഷപ്പ് മാരിയോ ഡെല്‍പിനി സഹകാര്‍മ്മികനായിരിന്നു. ബിഷപ്പുമാരും വൈദികരും വിശ്വാസികളുമടക്കം നൂറുകണക്കിനാളുകളാണ് ചടങ്ങില്‍ പങ്കെടുത്തത്.

1849 ജൂണ്‍ 13 ന് ഉത്തര ഇറ്റലിയിലെ ക്രെമോണ പ്രവിശ്യയില്‍പ്പെട്ട ത്രിഗോളൊയിലാണ് ജുസേപ്പെ അന്തോണിയൊ ജനിച്ചത്. ക്രെമോണയിലെ രൂപതാസെമിനാരിയില്‍ ചേര്‍ന്ന അദ്ദേഹം 1874 മാര്‍ച്ച് 21ന് പൗരോഹിത്യം സ്വീകരിച്ചു. അതിനടുത്തവര്‍ഷം ഈശോസഭയില്‍ ചേര്‍ന്ന അദ്ദേഹം ഏതാനും നാളുകള്‍ക്കു ശേഷം സമൂഹത്തില്‍ നിന്നു പിന്മാറി.

പിന്നീട് 1892ല്‍ ടൂറിന്‍ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പിന്‍റെ നിര്‍ദ്ദേശാനുസരണം ഏതാനും സന്ന്യാസിന്യാര്‍ത്ഥികളുടെ ആദ്ധ്യാത്മിക നിയന്താവാകുകയും സമര്‍പ്പിതജീവിതം നയിക്കാന്‍ തീരുമാനിച്ചവരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് അദ്ദേഹം 'സമാശ്വാസനാഥയായ പരിശുദ്ധ കന്യകാമറിയത്തിന്‍റെ സന്ന്യാസിനിസമൂഹ'ത്തിന് രൂപം നല്കുകയും ചെയ്തു. പിന്നീട് അദ്ദേഹം കപ്പൂച്ചിന്‍ സമൂഹത്തില്‍ ചേര്‍ന്നു. 1909 ഡിസംബര്‍ 10നു ആണ് അദ്ദേഹം നിത്യതയിലേക്ക് യാത്രയായത്.

1997 നവംബര്‍ 13നാണ് ജുസേപ്പെയുടെ നാമകരണ നടപടികള്‍ ആരംഭിച്ചത്. 2016 ജനുവരി 19നു അദ്ദേഹത്തെ ധന്യനായി പ്രഖ്യാപിച്ചു. ഈ വര്‍ഷം ജനുവരി അവസാനവാരത്തില്‍ അദ്ദേഹത്തിന്റെ മാധ്യസ്ഥത്തില്‍ നടന്ന അത്ഭുതം വത്തിക്കാന്‍ അംഗീകരിച്ചതിനെ തുടര്‍ന്നു വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തുവാന്‍ ഫ്രാന്‍സിസ് പാപ്പ തീരുമാനിക്കുകയായിരിന്നു.


Related Articles »