News

പാക്കിസ്ഥാനിലെ കത്തോലിക്ക സഭ വളര്‍ച്ചയുടെ പാതയില്‍

സ്വന്തം ലേഖകന്‍ 10-10-2017 - Tuesday

ലാഹോർ: പാക്കിസ്ഥാനിലെ കത്തോലിക്ക സഭ വിശ്വാസത്തിനു സാക്ഷ്യം നല്‍കി വളര്‍ച്ചയുടെ പാതയില്‍ മുന്നേറുന്നു. ഇക്കഴിഞ്ഞ സെപ്റ്റബർ ഏഴിന് ലാഹോർ സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന ചടങ്ങിൽ ഏഴ് പേര്‍ പൗരോഹിത്യപട്ടം സ്വീകരിച്ചത് സഭയുടെ വളർച്ചയുടെ നാഴികകല്ലായാണ് വിലയിരുത്തപ്പെടുന്നത്. ചരിത്രപരമായ സമൂഹ തിരുപട്ട ചടങ്ങുകൾക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ച ലാഹോർ ആർച്ച് ബിഷപ്പ് സെബാസ്റ്റ്യൻ ഷാ വിവിധ പദ്ധതികളാണ് രൂപതയിൽ പ്രാവർത്തികമാക്കാനിരിക്കുന്നത്. സെമിനാരി വിദ്യാര്‍ത്ഥികള്‍ക്കായി കൂടുതല്‍ പരിശീലനം നല്‍കാനും ഇടവകകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുവാനും ബിഷപ്പിന്‍റെ നേതൃത്വത്തില്‍ പദ്ധതി നടക്കുകയാണ്.

പഞ്ചാബ് അപ്പസ്തോലിക വികാരിയത്തിനായി 1880 ൽ സ്ഥാപിതമാക്കപ്പെട്ട ലാഹോർ അതിരൂപതയിൽ 29 ഇടവകകളാണ് നിലവിലുള്ളത്. 2013 ൽ ലാഹോർ രൂപതയുടെ മെത്രാൻ പദവി ഏറ്റെടുത്തതു മുതൽ രൂപതയുടെ കീഴിലുള്ള നാല് ലക്ഷത്തോളം വരുന്ന ക്രൈസ്തവർക്കായി ഇടവകകളുടെ എണ്ണം വർദ്ധിപ്പിച്ചും പ്രാര്‍ത്ഥനാശുശ്രൂഷകള്‍ നടത്തിയും ആർച്ച് ബിഷപ്പ് സെബാസ്റ്റ്യൻ ഷാ ശക്തമായ സാക്ഷ്യമേകുകയാണ്. സെമിനാരികളില്‍ ചേരുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതായും ഫിലോസഫി, തിയോളജി, കാനോൻ നിയമം എന്നിവ ആഴത്തില്‍ പഠിക്കുന്നതിന് ആയി നിരവധി പേരെ റോമിലേക്ക് അയച്ചതായും ബിഷപ്പ് യു‌സി‌എ ന്യൂസിനോട് പറഞ്ഞു.

ലാഹോര്‍ അതിരൂപതയുടെ വിശ്വാസ ഉണര്‍വ് മുള്‍ട്ടാന്‍ രൂപതയ്ക്കും ഇസ്ലാമാബാദ്- റാവല്‍പിണ്ടി രൂപതയ്ക്കും കൂടുതല്‍ കരുത്ത് പകരുന്നതായി ബിഷപ്പ് സെബാസ്റ്റ്യൻ ഷാ വെളിപ്പെടുത്തി. ഒക്ടോബർ 16 മുതൽ നടക്കാനിരിക്കുന്ന ഏഷ്യൻ മെത്രാൻ സമിതി സമ്മേളനത്തെ ബിഷപ്പ് സെബാസ്റ്റ്യൻ ഷാ അഭിസംബോധന ചെയ്യും. 1957ൽ ജനിച്ച ആർച്ച് ബിഷപ്പ് ഷാ 2009 ൽ ലാഹോർ അതിരൂപത സഹായ മെത്രാനായാണ് ആദ്യം നിയമിക്കപ്പെട്ടത്. പിന്നീട് 2013ൽ ആർച്ച് ബിഷപ്പായി അദ്ദേഹത്തെ മാര്‍പാപ്പ ഉയര്‍ത്തുകയായിരിന്നു.


Related Articles »