News

സീറോ മലബാര്‍ സഭയ്ക്ക് രണ്ടു പുതിയ രൂപതകള്‍

സ്വന്തം ലേഖകന്‍ 10-10-2017 - Tuesday

കൊച്ചി: ഹൈദരാബാദിലെ ഷംഷാബാദും തമിഴ്‌നാട്ടിലെ ഹൊസൂരും കേന്ദ്രീകരിച്ചു സീറോ മലബാര്‍ സഭയ്ക്ക് രണ്ടു പുതിയ രൂപതകള്‍ കൂടി നിലവില്‍ വന്നു. മാര്‍ റാഫേല്‍ തട്ടില്‍ ഷംഷാബാദിന്റെയും മോണ്‍.ജോബി പൊഴോലിപ്പറമ്പില്‍ ഹൊസൂരിന്റെയും ബിഷപ്പുമാരാകും. വത്തിക്കാന്‍ സമയം ഉച്ചയ്ക്ക് 12ന് റോമിലും ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30ന് കാക്കനാട് മൗണ്ട് സെന്റ് തോമസിലും ഹൈദരാബാദ് കുക്കട്ട്പള്ളി സെന്റ് അല്‍ഫോന്‍സാ കത്തീഡ്രലിലും നിയമന ഉത്തരവ് വായിച്ചു. പുതിയ രൂപതയായ ഷംഷാബാദ് തെലുങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലാണ്.

സീറോ മലബാര്‍ സഭയുടെ അധികാരപരിധിക്ക് പുറത്തുള്ള വിശ്വാസികളാണ് ഈ രൂപതയുടെ കീഴില്‍ വരുന്നത്. ഇന്ത്യയിൽ സീറോ മലബാർ സഭയ്ക്ക് നിലവിൽ രൂപതകൾ ഇല്ലാത്ത മറ്റ് മുഴുവൻ പ്രദേശങ്ങളും ഉൾക്കൊള്ളിച്ചാണ് ഷംഷാബാദ് രൂപത. 2014 മുതൽ ഇന്ത്യയിൽ സീറോ മലബാർ സഭയുടെ അധികാരപരിധിക്ക് പുറത്ത് നൂറോളം മിഷൻ കേന്ദ്രങ്ങളിലായി താമസിക്കുന്ന രണ്ടു ലക്ഷത്തോളം പ്രവാസികളുടെ ചുമതലയുള്ള അപ്പസ്തോലിക് വിസിറ്റേറ്ററായി സേവനം ചെയ്യുന്പോഴാണ് മാർ തട്ടിലിന് പുതിയ നിയോഗം ലഭിച്ചിരിക്കുന്നത്.

1956 ഏപ്രില്‍ 21-ന് തൃശ്ശൂര്‍ പുത്തന്‍പള്ളി ബസ്ലിക്കാ ഇടവകയിലാണ് മാര്‍ റാഫേല്‍ തട്ടിലിന്‍റെ ജനനം. തൃശൂര്‍ സെന്‍റ് മേരീസ് മൈനര്‍ സെമിനാരിയിലും വടവാതൂര്‍ സെന്‍റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലുമായി വൈദികപരിശീലനം പൂര്‍ത്തിയാക്കിയ മാര്‍ റാഫേല്‍ തട്ടില്‍ തൃശ്ശൂര്‍ രൂപതയ്ക്കുവേണ്ടി 1980 ഡിസംബര്‍ 21-ന് പൗരോഹിത്യം സ്വീകരിച്ചു.

അരണാട്ടുകര പള്ളിയില്‍ അസിസ്റ്റന്‍റ് വികാരിയായും തൃശൂര്‍ മൈനര്‍ സെമിനാരിയില്‍ ഫാദര്‍ പ്രീഫെക്ട്, വൈസ് റെക്ടര്‍, പ്രെക്കുരേറ്റര്‍ എന്നീ നിലകളിലും കൂനംമുച്ചി, ചേരുംകുഴി പള്ളികളില്‍ ആക്ടിംഗ് വികാരിയായും സേവനം ചെയ്തിട്ടുണ്ട്. റോമിലെ പൊന്തിഫിക്കല്‍ ഓറിയന്‍റല്‍ ഇന്‍സ്റ്റിട്യൂട്ടില്‍ നിന്ന് കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടിയ ശേഷം രൂപതാ വൈസ് ചാന്‍സലര്‍, ചാന്‍സലര്‍, സിന്‍ചെല്ലൂസ് എന്നീ പദവികള്‍ വഹിച്ചു.

രൂപതാ കച്ചേരിയില്‍ നോട്ടറിയും ജഡ്ജിയും അഡ്ജുറ്റന്‍റ് വികാരിയുമായിരുന്നു. 2010-ല്‍ തൃശ്ശൂര്‍ അതിരൂപതാ സഹായമെത്രാനായി നിയമിക്കപ്പെട്ടു. 2014 മുതല്‍ പ്രവാസികളുടെ ചുമതലയുള്ള അപ്പസ്റ്റോലിക് വിസിറ്റേറ്ററായി സേവനം ചെയ്യുകയായിരിന്നു.

തമിഴ്നാടിന്‍റെ വടക്കൻ ജില്ലകൾ കേന്ദ്രീകരിച്ചാണ് ഹൊസൂർ ആസ്ഥാനമായ രൂപത. തക്കല, രാമനാഥപുരം എന്ന രൂപതകളുടെ അതിർത്തി ഹൊസൂരിന് പുറത്തേക്കുള്ള മറ്റ് പ്രദേശങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ ആയി സേവനം അനുഷ്ഠിക്കുമ്പോഴാണ് മോണ്‍. സെബാസ്റ്റ്യൻ പൊഴലിപറമ്പിലിന് പുതിയ പദവി ലഭിച്ചത്.

1957 സെപ്റ്റംബര്‍ 1-ന് ഇരിഞ്ഞാലക്കുട രൂപതയിലെ പുല്ലൂര്‍ ഇടവകയിലാണ് ഫാ. സെബാസ്റ്റ്യന്‍ പൊഴലിപറമ്പിലിന്‍റെ ജനനം. മാതാപിതാക്കള്‍ പരേതനായ കെ.എസ്. ലോനപ്പനും റ്റി. എല്‍. സാറായും. വടക്കന്‍ചേരി, ഒല്ലൂര്‍, അവിട്ടത്തൂര്‍, ഇരിഞ്ഞാലക്കുട എന്നിവടങ്ങളിലായി സ്കൂള്‍ വിദ്യാഭ്യാസവും തൃശ്ശൂര്‍ സെന്‍റ് തോമസ് കോളേജില്‍ പ്രീഡിഗ്രിയും പൂര്‍ത്തിയാക്കി. തൃശൂര്‍ സെന്‍റ് മേരീസ് മൈനര്‍ സെമിനാരിയിലും വടവാതൂര്‍ സെന്‍റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലുമായി വൈദികപരിശീലനം നടത്തിയ ഫാ. പൊഴലിപറമ്പില്‍ ഇരിഞ്ഞാലക്കുട രൂപതയ്ക്കുവേണ്ടി 1982 ഡിസംബര്‍ 22-ന് പൗരോഹിത്യം സ്വീകരിച്ചു.

തുടര്‍ന്ന് ആളൂര്‍ പള്ളിയില്‍ അസിസ്റ്റന്‍റ് വികാരി, ഇരിഞ്ഞാലക്കുട മൈനര്‍ സെമിനാരി പ്രൊക്കുരേറ്റര്‍, കൈപ്പമംഗലം, ചന്ദ്രാപ്പിന്നി, ചേലൂര്‍, മേലഡൂര്‍, പറപ്പൂക്കര, ഇരിഞ്ഞാലക്കുട കത്തീഡ്രല്‍ എന്നീ പള്ളികളില്‍ വികാരിയായും കാത്തലിക് കരിസ്മാറ്റിക് മൂവ്മെന്‍റ്, കമ്യൂണിക്കേഷന്‍ മീഡിയ, ബൈബിള്‍ അപ്പോസ്റ്റലേറ്റ്, സ്പിരിച്വാലിറ്റി സെന്‍റര്‍ എന്നീ പ്രസ്ഥാനങ്ങളുടെ ഡയറക്ടറായും രൂപത പ്രൊക്കുരേറ്ററായും ചെന്നൈ മിഷന്‍റെ കോര്‍ഡിനേറ്ററായും സേവനമനൂഷ്ടിച്ചിട്ടുണ്ട്. മെത്രാഭിഷേകവും സ്ഥാനാരോഹണവും രൂപതകളുടെ ഉദ്ഘാടനവും സംബന്ധിച്ച തിയതികള്‍ പിന്നീട് തീരുമാനിക്കും.


Related Articles »