News - 2024

പൗരസ്ത്യസഭകള്‍ക്ക് വേണ്ടിയുള്ള പ്ലീനറി സമ്മേളനം വത്തിക്കാനില്‍ ആരംഭിച്ചു

സ്വന്തം ലേഖകന്‍ 11-10-2017 - Wednesday

വത്തിക്കാന്‍ സിറ്റി: പൗരസ്ത്യസഭകള്‍ക്ക് വേണ്ടിയുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ പ്ലീനറി സമ്മേളനം വത്തിക്കാനില്‍ ആരംഭിച്ചു. എല്ലാ പൗരസ്ത്യ കത്തോലിക്കാ സഭകളുടെയും പാത്രിയാര്‍ക്കീസുമാരും മേജര്‍ ആര്‍ച്ച്ബിഷപ്പുമാരും മറ്റു സഭാ തലവന്മാരും സമ്മേളനത്തില്‍ സംബന്ധിക്കുന്നുണ്ട്. പ്രാര്‍ത്ഥനയും ദൈവവചന പ്രഘോഷണവുമാണ് ഈ കാലഘട്ടത്തില്‍ സഭകളെല്ലാം ചെയ്യേണ്ട പ്രധാന കാര്യമെന്ന് എല്ലാവരോടുമായി മാര്‍പാപ്പ പറഞ്ഞു.

സമ്മേളനത്തിന്റെ പ്രഥമദിനമായ ഇന്നലെ ഫ്രാന്‍സിസ് മാര്‍പാപ്പ എല്ലാ പൗരസ്ത്യസഭാ അധ്യക്ഷന്മാര്‍ക്കും സ്വകാര്യ സന്ദര്‍ശനം ഒന്നിച്ച് അനുവദിച്ചു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ എന്നിവര്‍ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി ചെയ്ത എല്ലാ നടപടികള്‍ക്കും പാപ്പയോടു നന്ദി പ്രകാശിപ്പിച്ചു.

മാര്‍പാപ്പയുടെ പ്രത്യേകമായ ഇടപെടലുകള്‍ കൊണ്ടു മാത്രമാണ് ഫാ. ടോമിനു മോചനം കിട്ടിയതെന്നു ഭാരതത്തിലെ കത്തോലിക്കര്‍ മനസിലാക്കുന്നുണ്ട്. മാര്‍പാപ്പയുടെ സന്ദര്‍ശനത്തിനായി ഭാരതം ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്. മദര്‍ തെരേസയുടെ നാമകരണം ഭാരതസഭയ്ക്കു വലിയ ഉത്തേജനം നല്കി. വരാന്‍ പോകുന്ന, സിസ്റ്റര്‍ റാണി മരിയയുടെ വാഴ്ത്തപ്പെട്ട രക്തസാക്ഷി എന്ന പ്രഖ്യാപനവും സഭയ്ക്ക് ഏറെ പ്രോത്സാഹജനകമായിരിക്കുമെന്നും അവര്‍ അറിയിച്ചു.

കൂടിക്കാഴ്ചയില്‍ ഭാരതത്തിലെ രണ്ടു പൗരസ്ത്യസഭകള്‍ക്കും മാര്‍പാപ്പ നല്കുന്ന നയപരമായ എല്ലാ പ്രോത്സാഹനങ്ങള്‍ക്കും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയും കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയും നന്ദി പ്രകാശിപ്പിച്ചു. ഭാരതസഭ ഒറ്റക്കെട്ടായി മുന്നോട്ടുനീങ്ങാന്‍ തങ്ങള്‍ എല്ലാവരും പരിശ്രമിക്കുന്നുണ്ടെന്നും ഇരുവരും പാപ്പയെ അറിയിച്ചു. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള സഭാതലവന്മാരും ഫ്രാന്‍സിസ് പാപ്പയുമായി സംസാരിച്ചു. ക്രൈസ്തവ മതമര്‍ദനത്തെയും പീഡനങ്ങളെക്കുറിച്ചുമാണ് അവര്‍ സംസാരിച്ചത്.


Related Articles »